ഹിസാർ: ഹരിയാനയിലെ ഹിസാറിർ നാടിനെ നടുക്കി മൂന്ന് മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ നാല് പേരുടെ മരണം. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികൾക്ക് മുകളിലേക്ക് ഇഷ്ടിക ചൂളയുടെ മതിൽ ഇടിഞ്ഞുവീണാണ് ദുരന്തമുണ്ടായത്. ഒരു കുട്ടിയ്ക്ക് ഗുരുതര പരിക്കേറ്റു. ഹരിയാനയിലെ ഹിസാറിലുള്ള ബുദാന ഗ്രാമത്തിലായിരുന്നു സംഭവം. മാതാപിതാക്കൾ ജോലി ചെയ്യവെ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. നിഷ (മൂന്ന് മാസം പ്രായം), സൂരജ് (9 വയസ്), നന്ദിനി (5 വയസ്), വിവേക് (9 വയസ്) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

ഉത്തർപ്രദേശിലെ ബദാവ് സ്വദേശികളാണ് മരണപ്പെട്ട കുട്ടികൾ. ഇഷ്ടിക നിർമാണ കേന്ദ്രത്തിൽ ജോലി ചെയ്യാനായി ഹിസാറിൽ നിന്നെത്തിയ തൊഴിലാളികളുടെ കുട്ടികളാണ്. 25 ഓളം തൊഴിലാളികൾ രാത്രി ജോലികൾ ചെയ്തു കൊണ്ടിരിക്കവെയാണ് അപകടമുണ്ടായത്. തൊഴിലാളികളിൽ കുറച്ച് പേരും കുട്ടികളും ചൂളയുടെ പുകക്കുഴലിന് അടുത്തുള്ള മതിലിന് താഴെ കിടന്നുറങ്ങുകയായിരുന്നു.

സൂരജും നന്ദിനിയും വിവേകും അപകട സ്ഥലത്തു വെച്ചു തന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് നിഷ മരിച്ചത്. അഞ്ച് വയസുകാരി ഗൗരിയെ ഗുരുതരമായ പരിക്കുകളോടെ ഹിസാർ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടി അപകട നില തരണം ചെയ്തിട്ടില്ല. സംഭവത്തിൽ ആരും ഇതുവരെ പരാതി നൽകിയിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. പരാതി ലഭിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.