മംഗളൂരു: റോഡിലെ വലിയ കുഴിയിൽ സ്കൂട്ടർ വീണ് മറിഞ്ഞതിനു പിന്നാലെ ലോറി കയറി യുവതിക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ കുളൂരിനു സമീപം ദേശീയപാത 66ലാണ് അപകടമുണ്ടായത്. ഉഡുപ്പി സ്വദേശിനിയായ മാധവി (44) ആണ് മരിച്ചത്. ജോലിക്കുപോകുന്നതിനിടെയാണ് അപകടമുണ്ടായത്.

കുളൂരിനും ബംഗ്ര കുളൂരിനും ഇടയിൽ ഗോൾഡ് ഫിഞ്ച് സിറ്റി ഗ്രൗണ്ട്സിനു സമീപം കുഴിയിൽ വീണതോടെ മാധവി സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഇവരുടെ ശരീരത്തിലൂടെ പിന്നാലെയെത്തിയ മീനുമായ ലോറി കയറിയിറങ്ങി. ഇവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. കുൻദികനയിലെ എജെ ആശുപത്രിയിലായിരുന്നു മാധവി ജോലി ചെയ്തിരുന്നത്.

റോഡിലെ കുഴികൾ കാരണം ഇത് അഞ്ചാമത്തെ മരണമാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. പലതവണ പരാതി നൽകിയിട്ടും അധികൃതർ നടപടിയെടുത്തില്ലെന്നും അവർ കുറ്റപ്പെടുത്തി. അപകടത്തെത്തുടർന്ന് അധികൃതർ വൈകുന്നേരത്തോടെ സ്ഥലത്തെ കുഴികൾ അടച്ചു.

അപകടത്തിൽ നാഷനൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻഎച്ച്എഐ) ഉദ്യോഗസ്ഥനെതിരെയും ലോറി ഡ്രൈവർക്കെതിരെയും മംഗളൂരു നോർത്ത് ട്രാഫിക് പൊലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.