ന്യൂഡൽഹി: അസമിലെ നാഗോണിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ബലാത്സംഗം ചെയ്യപ്പെട്ടു. വെള്ളിയാഴ്ചയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ട് പേർ ചേർന്ന് തട്ടികൊണ്ട് പോയി പീഡനത്തിരയാക്കിയത്. ഇതേ ജില്ലയിൽ ദിവസങ്ങൾക്ക് മുൻപ് സമാനമായി പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായിരുന്നു. ഇതിന്റെ നടുക്കം വിട്ടുമാറുന്നതിനു മുൻപാണ് അടുത്ത കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നാഗോൺ ജില്ലയിലെ ധിങ്ങിൽ വെച്ചാണ് പെൺകുട്ടിയെ സംഘം തട്ടികൊണ്ടുപോയത്. ഇളയ സഹോദരനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ മോട്ടോർ സൈക്കിളിൽ പിന്തുടർന്ന് വരികയായിരുന്നു. ശേഷം കൂടെയുണ്ടായിരുന്ന അനുജനെ ക്രൂരമായി മർദിച്ചവശനാക്കി പ്രതികൾ പെൺകുട്ടിയെ ബലമായി ബൈക്കിൽ കയറ്റി. സഹോദരനെ സംഭവസ്ഥലത്ത് ഉപേക്ഷിച്ച സംഘം പെൺകുട്ടിയെ വായ പൊത്തി ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി. പെൺകുട്ടിയുടെ നിലവിളി കേട്ട് പ്രദേശവാസികൾ സംഭവസ്ഥലത്തെത്തിയെങ്കിലും പീഡന ശേഷം പ്രതികൾ സ്ഥലം വിട്ടിരുന്നു.

പെൺകുട്ടിയുടെ നിലവിളി കേട്ട് സംഭവ സ്ഥലത്തെത്തിയ പ്രദേശവാസികൾ പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. ഫുസൈൽ അഹമ്മദ്, ഇഷ്‌റഫിൽ ഹുസൈൻ എന്നിവരാണ് പ്രതികളെന്ന് ഇവർ പൊലീസിന് വിവരം നൽകിയിരുന്നു. ഇവർക്കെതിരെ പോക്‌സോ ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചാർജ് ചെയ്തിട്ടുണ്ട്. ഒളിവിലായ പ്രതികൾക്കായി വ്യാപകമായ തിരച്ചിൽ നടക്കുകയാണ്.

അതേസമയം, ആഗസ്റ്റിൽ നാഗോൺ ജില്ലയിലെ ധിങ്ങിൽ സമാനമായി പത്താം ക്ലാസിൽ പഠിക്കുന്ന 14 വയസ്സുകാരിയെ മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്തിരുന്നു. വൈകുന്നേരം ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടിയെ പ്രതികൾ പിടികൂടി കാട്ടിൽ വച്ച് മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് നഗ്നയായി അർദ്ധബോധാവസ്ഥയിൽ കണ്ട പെൺകുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.

ഈ സംഭവത്തിനെതിരെ നാട്ടുകാർ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് ധിങ്ങിൽ ഹർത്താൽ ആചരിച്ചിരുന്നു.