നോയിഡ: മുംബൈ നഗരത്തില്‍ ഭീകരാക്രമണം നടത്തുമെന്ന ഭീഷണിസന്ദേശം അയച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ പാടലിപുത്ര സ്വദേശിയായ അശ്വിനി കുമാറാണ് അറസ്റ്റിലായത്. ജ്യോത്സ്യനായ ഇയാള്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി നോയിഡയിലാണ് താമസിക്കുന്നത്. സുഹൃത്തിനെ കുടുക്കാന്‍ വേണ്ടിയാണ് ഇയാള്‍ ഭീഷണി സന്ദേശം അയച്ചത്.

ഫിറോസ് എന്ന സുഹൃത്തിനെ കുടുക്കാനാണ് താന്‍ ഭീഷണി സന്ദേശം അയച്ചതെന്ന് ഇയാള്‍ മൊഴി നല്‍കി. ഇയാളുടെ ഫോണും സിം കാര്‍ഡും പിടിച്ചെടുത്തെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച മുംബൈ പോലീസിന്റെ ഔദ്യോഗിക വാട്സ് ആപ്പ് നമ്പരിലാണ് പ്രതി ഭീഷണി സന്ദേശം അയച്ചത്.

നഗരത്തില്‍ പലയിടത്തും വാഹനങ്ങളില്‍ ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും 400 കിലോഗ്രാം ആര്‍ഡിഎക്സ് ഉപയോഗിച്ചുള്ള വലിയൊരു ആക്രമണത്തില്‍ നിരവധി ആളുകള്‍ കൊല്ലപ്പെടുമെന്നും ഇയാള്‍ അയച്ച സന്ദേശത്തില്‍ പറയുന്നു.

ഇതേത്തുടര്‍ന്ന് മുംബൈയിലുടനീളം കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയും സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. മുംബൈയില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ ഭീഷണി വന്നത്.