ബെംഗളൂരു: കാമുകിയുമായുള്ള വിവാഹത്തിന് പണം കണ്ടെത്താനായി ബന്ധുവിന്റെ വീട്ടില്‍നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച കേസില്‍ കര്‍ണാടക സ്വദേശി അറസ്റ്റില്‍. ബെംഗളൂരു സ്വദേശിയായ ശ്രേയസ് (22) ആണ് അറസ്റ്റിലായത്. 47 ലക്ഷത്തിന്റെ സ്വര്‍ണവും പണവുമാണ് ഇയാള്‍ ബന്ധുവിന്റെ വീട്ടില്‍നിന്ന് മോഷ്ടിച്ചത്.

നാല് വര്‍ഷമായി ശ്രേയസ് ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. വിവാഹിതരാകാന്‍ തീരുമാനിച്ച ഘട്ടത്തില്‍ കൈയില്‍ ആവശ്യത്തിന് പണമില്ലെന്നു വന്നതോടെയാണ് യുവാവ് മോഷണത്തിന് മുതിര്‍ന്നത്. ജോലി ചെയ്തിരുന്ന കടയുടെ ഉടമയും ബന്ധുവുമായ ഹരീഷിന്റെ വീട്ടിലാണ് ശ്രേയസ് മോഷണം നടത്തിയത്.

വീട്ടില്‍ പണവും ആഭരണങ്ങളും സൂക്ഷിച്ചിട്ടുണ്ടെന്ന് ശ്രേയസിന് അറിയാമായിരുന്നു. സെപ്റ്റംബര്‍ 15-ന് ഹരീഷിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി സ്വര്‍ണവും പണവും മോഷ്ടിക്കുകയായിരുന്നു. വീട്ടുടമയുടെ പരാതിയെ തുടര്‍ന്ന്, ബെംഗളൂരുവിലെ ഹെബ്ബഗോഡി പോലീസ് കേസില്‍ അന്വേഷണം ആരംഭിച്ചു.