റായ്പൂർ: ക്രിസ്മസ് ദിനത്തിൽ ഛത്തീസ്ഗഡിലെ റായ്പൂരിൽ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ മാളിൽ ആക്രമണം. മാളിലെ ക്രിസ്മസ് അലങ്കാരങ്ങളും പുറത്ത് സ്ഥാപിച്ചിരുന്ന സാന്താക്ലോസ് രൂപങ്ങളും സംഘർഷത്തിനിടെ തകർത്തു. സംഭവത്തിൽ 30 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

'സർവ ഹിന്ദുസമാജ് ബന്ദി'നിടെയാണ് ഈ ആക്രമണം അരങ്ങേറിയത്. "സാന്താക്ലോസിനെ കാണാൻ ആഗ്രഹിക്കുന്നില്ല" എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രവർത്തകർ മാളിലേക്ക് അതിക്രമിച്ച് കടന്ന് അക്രമം നടത്തിയത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സമാനമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഉത്തർപ്രദേശിൽ ഒരു ദേവാലയത്തിന് പുറത്ത് ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധം നടന്നിരുന്നു. ഇതിന് മുൻപ്, മധ്യപ്രദേശിലെ ജബൽപൂരിൽ മതപരിവർത്തനം ആരോപിച്ച് ഒരു ബിജെപി നേതാവ് അന്ധയായ യുവതിയെ മർദ്ദിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു. കേരളത്തിലെ പാലക്കാട്ടും കുട്ടികളുടെ ക്രിസ്മസ് കരോൾ സംഘത്തിന് നേരെ ആക്രമണമുണ്ടായതും ആശങ്ക സൃഷ്ടിച്ചിരുന്നു.

അതേസമയം, ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംഷൻ സന്ദർശിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. പ്രധാനമന്ത്രിക്ക് വേണ്ടി ബിഷപ്പ് പോൾ സ്വരൂപ് പ്രത്യേക പ്രാർത്ഥനകൾ നടത്തി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിശ്വാസികളെ തടഞ്ഞത് അൽപനേരം സംഘർഷത്തിന് ഇടയാക്കിയിരുന്നു.