അയോധ്യ: രാമക്ഷേത്രത്തിലേക്കുള്ള രാംപഥ്, ഭക്തിപഥ് എന്നീ റോഡുകളില്‍ സ്ഥാപിച്ചിരുന്ന വിളക്കുകള്‍ മോഷണം പോയി. 3,800 മുള വിളക്കുകളും 36 പ്രൊജക്ടര്‍ ലൈറ്റുകളുമാണ് നഷ്ടപ്പെട്ടത്. ഇവയ്ക്ക് ഏകദേശം 50 ലക്ഷം രൂപയിലേറെ വിലവരും. മേയ് മാസത്തില്‍ നടന്ന മോഷണം ഇപ്പോഴാണ് പുറത്തുവന്നത്.

മോഷണത്തെ കുറിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്ന് രാം ജന്മഭൂമി പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിളക്കുകള്‍ സ്ഥാപിക്കാനായി അയോധ്യ വികസന അതോറിറ്റി കരാര്‍ നല്‍കിയ യാഷ് എന്റര്‍പ്രൈസസ്, കൃഷ്ണ ഓട്ടോമൊബൈല്‍സ് എന്നീ കമ്പനികളുടെ പ്രതിനിധികളാണ് പരാതി നല്‍കിയത്. രാമക്ഷേത്ര പരിസരത്തെ വലിയ സുരക്ഷാ സന്നാഹങ്ങള്‍ക്കിടെയാണ് മോഷണം നടന്നത്.

ഓഗസ്റ്റ് ഒമ്പതിനാണ് പോലീസിന് പരാതി ലഭിച്ചത്. കരാറുകമ്പനി പ്രതിനിധി ശേഖര്‍ ശര്‍മയാണ് പരാതിക്കാരന്‍. മാര്‍ച്ച് 19 വരെ എല്ലാ വിളക്കുകളും അതാതിടങ്ങളില്‍ ഉണ്ടായിരുന്നുവെന്ന് ശേഖര്‍ ശര്‍മ പറഞ്ഞു. മേയ് ഒമ്പതിന് നടത്തിയ പരിശോധനയിലാണ് ചില വിളക്കുകള്‍ നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പെട്ടത്. 6400 മുള വിളക്കുകളും 96 പ്രൊജക്ടര്‍ ലൈറ്റുകളുമാണ് സ്ഥാപിച്ചത്. വിശദമായ പരിശോധനയില്‍ ഇതില്‍ 3,800 മുള വിളക്കുകളും 36 പ്രൊജക്ടര്‍ ലൈറ്റുകളും നഷ്ടപ്പെട്ടതായി കണ്ടെത്തിയെന്നും ശേഖര്‍ ശര്‍മ പറഞ്ഞു.