- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിന്റെ ഇ.എം.ഐ അടക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ഭര്‍ത്താവ് തീകൊളുത്തിയ നഴ്സായ യുവതി മരിച്ചു
കാറിന്റെ ഇ.എം.ഐ അടക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കാറിന്റെ ഇ.എം.ഐ അടക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് തീകൊളുത്തിയ യുവതി മരിച്ചു. കൂച്ച് ബെഹാര്‍ ജില്ലയില്‍ നിന്നുള്ള 35 വയസ്സുള്ള ചന്ദ റോയിയാണ് മരിച്ചത്. കൂച്ച് ബെഹാറിലെ എം.ജെ.എന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്സായിരുന്നു ചന്ദ റോയി.
ബുധനാഴ്ച രാത്രി അവരുടെ വാടകവീട്ടില്‍ വെച്ചാണ് സംഭവം. തീ ആളിപ്പടരുന്നതിനിടെ ചന്ദ വീട്ടില്‍ നിന്ന് പുറത്തേക്ക് ഓടിയിറങ്ങിയതായി അയല്‍ക്കാര്‍ പറയുന്നു. നാട്ടുകാര്‍ അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ഡ്രൈവറായ ഭര്‍ത്താവ് രഞ്ജിത് റോയിക്കൊപ്പം കഴിഞ്ഞ മൂന്നര വര്‍ഷമായി ചന്ദ ഒരു അപ്പാര്‍ട്ട്‌മെന്റിലായിരുന്നു താമസമെന്ന് പൊലീസ് പറഞ്ഞു. കാറിന്റെ ഇ.എം.ഐ അടക്കുന്നതിനെച്ചൊല്ലി ദമ്പതികള്‍ പതിവായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. തര്‍ക്കത്തെത്തുടര്‍ന്ന് ഇരുവരും നേരത്തെ പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍ ആ സമയത്ത് ഔദ്യോഗികമായി പരാതി നല്‍കിയിരുന്നില്ല എന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ രഞ്ജിത്തിനും പൊള്ളലേറ്റു. നിലവില്‍ അതേ ആശുപത്രിയില്‍ ചികിത്സയിലാണ്.
രഞ്ജിത്ത് നിരീക്ഷണത്തിലാണെന്നും ആരോഗ്യസ്ഥിതി സാധാരണ നിലയിലായാല്‍ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. ദമ്പതികളുടെ ഏക മകള്‍ ഡാര്‍ജിലിങ്ങിലെ ബോര്‍ഡിങ് സ്‌കൂളിലാണ് പഠിക്കുന്നത്.


