നോയിഡ: വാരാന്ത്യ ആഘോഷ പരിപാടികൾക്ക് പിന്നാലെ ബൈക്കുമായി ഫ്ലൈ ഓവറിൽ നിന്ന് താഴേയ്ക്ക് വീണ യുവാവിന് ദാരുണാന്ത്യം. മദ്യപിച്ച് ലക്കുകെട്ട നിലയിൽ ബൈക്കുമായി ഫ്ലൈ ഓവറിൽ നിന്ന് ഇരുപത് അടിയോളം താഴെ വീണ യുവാവ് ഗുരുതര പരിക്കുകൾ മൂലം ചികിത്സയിലിരിക്കെ മരിച്ചതായാണ് വിവരങ്ങൾ. ശനിയാഴ്ച പുലർച്ചെയോടെയാണ് യുവാവിന്റെ ബൈക്ക് ഡിവൈഡറിൽ തട്ടി ഫ്ലൈ ഓവറിന് താഴേയ്ക്ക് വീണത്. ഗാസിയാബാദിലാണ് സംഭവം നടന്നത്.

അവദേശ് കുമാർ എന്ന 38കാരനാണ് താക്കൂർദ്വാര ഫ്ലൈ ഓവറിൽ നിന്ന് ബൈക്കുമായി താഴേയ്ക്ക് വീണത്. ബിഹാറിലെ ബാഗൽപൂർ സ്വദേശിയാണ് ഇയാൾ. പൊലീസ് പട്രോളിംഗ് സംഘം ഇയാളെ ഗുരുതര പരിക്കുകളോട് എംഎംജി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഫ്ലൈ ഓവറിന്റെ മധ്യ ഭാഗത്ത് നിന്ന് 20 അടി താഴ്ചയിലേക്ക് വീണതായാണ് പോലീസ് പറയുന്നത്.