ചെന്നൈ: പീഡന പരാതിയില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി സാമ്പത്തിക വിഭാഗം അധ്യക്ഷന്‍ എം എസ് ഷായെയാണ് പോക്‌സോ കേസില്‍ അറസ്റ്റിലായിരിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി കുട്ടിയുടെ അച്ഛനാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് മധുര സൗത്ത് ഓള്‍ വിമന്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും നേതാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളുടെ ഭാര്യക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

കുട്ടിയുടെ അമ്മക്കെതിരെയും പിതാവ് ആരോപണം ഉന്നയിച്ചിട്ടുണ്ട്. കുട്ടിയെ പീഡനത്തിരയാക്കിയ കാര്യം കുട്ടിയുടെ അമ്മയ്ക്കും അറിയാമായിരുന്നു എന്നുമാണ് പിതാവ് പറഞ്ഞത്. ഷായുമായി അമ്മയ്ക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നതായും ഇയാള്‍ പറഞ്ഞു. 15 വയസ്സുള്ള മകളുടെ മൊബൈല്‍ ഫോണില്‍ എം.എസ്. ഷാ അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും ഇരുചക്ര വാഹനം വാങ്ങിത്തരാമെന്നു പറഞ്ഞ് മകളെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നുമാണ് പരാതി.

കേസിന്റെ സത്യാവസ്ഥ വിശദമായി അന്വേഷിക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഷാ കുറ്റക്കാരന്‍ ആണെന്ന് തെളിയുകയും ചെയ്തു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.