അംബാല: ഹരിയാനയിലെ നാരായൺഗഢിൽ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) നേതാവ് വെടിയേറ്റു മരിച്ചതായി റിപ്പോർട്ടുകൾ. ഹർബിലാസ് സിങ് രജ്ജുമജ്രയാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം കാറിൽ എത്തിയ ഹർബിലാസ് കാറിൽ ഇരിക്കുമ്പോഴാണ് വെടിയേറ്റത്. സുഹൃത്ത് പുനീതിനും ആക്രമണത്തിൽ പരിക്ക് പറ്റിയിട്ടുണ്ട്.

പരിക്കേറ്റ ഹർബിലാസിനെയും സുഹൃത്തിനെയും ചണ്ഡീഗഢിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹർബിലാസിനെ രക്ഷിക്കാനായില്ല. സുഹൃത്ത് പുനീത് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ വ്യക്തമാക്കി.

അതേസമയം,സംഭവത്തിൽ അക്രമികളെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. അക്രമികൾക്കായി അന്വേഷണം ആരംഭിച്ചതായി അംബാല എസ്പി എസ്.എസ് ഭോരിയ വ്യക്തമാക്കി. കഴിഞ്ഞ വർഷം നടന്ന ഹരിയാ നിയമസഭാ തെരഞ്ഞെടുപ്പിൽ നാരായൺഗഢിലെ ബിഎസ്പി സ്ഥാനാർഥിയായിരുന്നു ഹർബിലാസ്. പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് ഹരിയാനയിലെ ബിഎസ്പി നേതാക്കൾ ആവശ്യപ്പെടുകയും ചെയ്തു.