ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. എട്ടോളം പേരെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഡല്‍ഹിയിലെ വെല്‍ക്കം ഏരിയയില്‍ രാവിലെ 7 മണിക്കാണ് സംഭവം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും തകര്‍ച്ചയുടെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

തകര്‍ന്നുവീണ കെട്ടിടത്തിനുള്ളില്‍ നിന്ന് 14 മാസം പ്രായമുള്ള ഒരു കുട്ടിയേയും, നാല് പുരുഷന്മാരെയും മൂന്ന് സ്ത്രീകളെയും പുറത്തെടുത്തുവെന്നാണ് ആദ്യം ലഭിച്ച വിവരം. മുതിര്‍ന്നവരെ ജെപിസി ആശുപത്രിയിലും കുഞ്ഞിനെ ജിടിബി ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അഗ്‌നിശമനസേനാംഗങ്ങള്‍ അറിയിക്കുന്നത്. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ നാട്ടുകാര്‍ സഹായിക്കുന്നുണ്ടെന്നും, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹകരിക്കുന്നുണ്ടെന്നും എഎന്‍ഐയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.