- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചേട്ടാ..ഞാൻ ഒരുപാട് കുടിച്ചു; എന്നെ വീട്ടിൽ കൊണ്ട് വിടാമോ? '; മദ്യപിച്ച് ലക്കുകെട്ട് കാബിൽ കയറിയ യുവതിയെ സുരക്ഷിതമായെത്തിച്ച് ഡ്രൈവർ; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച
കൊൽക്കത്ത: മദ്യപിച്ച് അവശയായ യുവതിയെ സുരക്ഷിതമായി വീട്ടിലെത്തിച്ച് മാതൃകയായ കാബ് ഡ്രൈവറുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. സ്ത്രീകൾക്ക് ഇന്ത്യയിൽ സുരക്ഷിതമായി യാത്ര ചെയ്യാനാകുന്നുണ്ടോയെന്ന ചർച്ചകൾ സജീവമായിരിക്കെ, കൊൽക്കത്തയിൽ നിന്നുള്ള ഈ സംഭവം മനുഷ്യത്വത്തിന്‍റെ മികച്ച ഉദാഹരണമായി പ്രശംസിക്കപ്പെടുകയാണ്.
കാബിലെ ഡാഷ്കാമിൽ നിന്നുള്ള ദൃശ്യങ്ങളാണ് 'നക്ഷത്ര' എന്ന എക്സ് ഹാൻറിലിലൂടെ "ഇതാണ് കൊൽക്കത്ത" എന്ന കുറിപ്പോടെ പങ്കുവെക്കപ്പെട്ടത്. കാബ് ഓടിക്കുമ്പോൾ പിന്നിലിരുന്ന യുവതി, "അങ്കിൾ, ഞാൻ ഒരുപാട് മദ്യപിച്ചു, എന്നെ വീട്ടിലെത്തിക്കാമോ?" എന്ന് ഡ്രൈവറോട് ചോദിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. മദ്യപിച്ചിട്ടുണ്ടെന്ന് തനിക്കറിയാമെന്നും സുരക്ഷിതമായി വീട്ടിലെത്തിക്കാമെന്നും ഡ്രൈവർ യുവതിക്ക് ഉറപ്പ് നൽകുന്നുണ്ട്.
മദ്യലഹരിയിൽ യുവതി ഒരേ കാര്യം ആവർത്തിച്ചപ്പോൾ ഡ്രൈവർ ശാന്തമായിരിക്കാൻ നിർദേശിച്ചു. ഇതിനിടെ യുവതിയുടെ അമ്മ വിളിക്കുകയും ഫോൺ ഡ്രൈവർക്ക് കൈമാറുകയും ചെയ്തു. അമ്മയോട് മകളെ സുരക്ഷിതമായി വീട്ടിലെത്തിക്കാമെന്ന് ഉറപ്പ് നൽകിയ ഡ്രൈവർ, തത്സമയ ലൊക്കേഷൻ വിവരങ്ങൾ പങ്കുവെക്കുകയും ചെയ്തു. വൈകിയതിന് അമ്മ വഴക്ക് പറയുമെന്ന് യുവതി പറയുമ്പോൾ, "നീയൊരു വൃത്തിക്കെട്ട കുട്ടിയെ പോലെയാണ് പെരുമാറുന്നത്" എന്ന് ഡ്രൈവർ തമാശയോടെ പറയുന്നുണ്ട്. തന്നെ സഹായിച്ചതിന് യുവതി നന്ദി പറഞ്ഞപ്പോൾ, ഇത് തന്‍റെ ജോലിയാണെന്നും അതിന് പണം വാങ്ങുന്നുണ്ടെന്നുമാണ് ഡ്രൈവർ മറുപടി നൽകിയത്.
യാത്രയുടെ അവസാനം കാബ് ഡ്രൈവർ യുവതിയെ സുരക്ഷിതമായി വീട്ടിലെത്തിക്കുന്നതും വീഡിയോയിൽ കാണാം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഓരോ വർഷവും വർധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്ന സാഹചര്യത്തിൽ, ഈ കാബ് ഡ്രൈവറുടെ ഉത്തരവാദിത്തബോധവും മനുഷ്യത്വവും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.




