- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടിക്കൊണ്ടിരുന്ന കാർ ഒട്ടകവുമായി കൂട്ടിയിടിച്ച് അപകടം; വണ്ടിയിലേക്ക് തുളഞ്ഞുകയറി ആ മിണ്ടപ്രാണി; ഡ്രൈവർക്ക് ഗുരുതര പരിക്ക്
ജോധ്പൂർ: ഓടിക്കൊണ്ടിരുന്ന കാർ ഒട്ടകവുമായി കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഫലോഡി ഡെച്ചു റോഡിൽ കോലു പാബൂജിക്കടുത്ത് ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. ജോധ്പൂർ സ്വദേശിയായ റാം സിംഗ് ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഒട്ടകത്തിനും പരിക്കേറ്റിട്ടുണ്ട്.
കൂട്ടിയിടിയുടെ ആഘാതത്തിൽ കാറിന്റെ ചില്ലും മുകൾഭാഗവും തകർന്ന് ഒട്ടകം കാറിനുള്ളിലേക്ക് വീഴുകയായിരുന്നു. രക്ഷപ്പെടാനാകാതെ മണിക്കൂറുകളോളം കാറിനുള്ളിൽ കുടുങ്ങിക്കിടന്ന ഒട്ടകത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. കാറിനുള്ളിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്ന ഒട്ടകത്തിന്റെ തലയും ശരീരത്തിന്റെ ഒരു ഭാഗവും വാഹനത്തിൽ നിന്ന് പുറത്തേക്ക് തള്ളിനിൽക്കുന്ന നിലയിലായിരുന്നു.
റോഡിന്റെ വശങ്ങളിൽ അലഞ്ഞുതിരിയുകയായിരുന്ന ഒട്ടകം പെട്ടെന്ന് ഓടിക്കൊണ്ടിരുന്ന കാറിന് മുന്നിലേക്ക് വരികയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപ്രതീക്ഷിതമായതിനാൽ ഡ്രൈവർക്ക് ബ്രേക്ക് ചെയ്യാനോ അപകടം ഒഴിവാക്കാനോ കഴിഞ്ഞില്ല. കാറിന്റെ ബമ്പർ, ബോണറ്റ്, വിൻഡ്‌സ്‌ക്രീൻ എന്നിവ തകർന്നു.
നാട്ടുകാർ ചേർന്ന് കാറിൽ നിന്ന് ഡ്രൈവറെ പുറത്തെടുത്ത് പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാം സിംഗിന്റെ പരിക്ക് ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. രണ്ടു മണിക്കൂറോളം കാറിൽ കുടുങ്ങിക്കിടന്ന ഒട്ടകത്തെ ജെസിബി ഉപയോഗിച്ച് വാഹനത്തിന്റെ ഭാഗങ്ങൾ മുറിച്ചുമാറ്റിയാണ് രക്ഷപ്പെടുത്തിയത്. പുറത്തെടുത്തയുടൻ ഒട്ടകം ഓടി രക്ഷപ്പെട്ടു.




