ചണ്ഡീഗഡ് : പഞ്ചാബില്‍ കനത്ത മൂടല്‍മഞ്ഞില്‍ കാര്‍ കനാലിലേക്ക് വീണ് അധ്യാപക ദമ്പതികള്‍ മരിച്ചു. പഞ്ചാബിലെ മോഗ ജില്ലയില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് റോഡ് കൃത്യമായി കാണാന്‍ സാധിക്കാഞ്ഞതാണ് അപകടത്തിനിടയാക്കിയത്. ജാസ് കരണ്‍ സിംഗ്, ഭാര്യ കമല്‍ജീത് കൗര്‍ എന്നിവരാണ് മരിച്ചത്.

പഞ്ചാബ് ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി സംഗത്പുര ഗ്രാമത്തിലെ പോളിംഗ് ബൂത്തിലേക്ക് കമല്‍ജീതിനെ കൊണ്ടുപോവുകയായിരുന്നു കരണ്‍ സിംഗ്. കനത്ത മൂടല്‍മഞ്ഞ് കാരണം മുന്നിലുള്ള റോഡ് വ്യക്തമായി കാണാന്‍ കഴിയാത്തതിനാല്‍ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലൂടെ ഒഴുകുന്ന കനാലിലേക്ക് മറിയുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മാന്‍സ സ്വദേശിയായ ജാസ് കരണ്‍ സിംഗ് ഇംഗ്ലീഷ് അധ്യാപകനാണ്. ഇരുവരും മോഗ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരായിരുന്നു.

ഹരിയാനയില്‍ ഞായറാഴ്ച മൂടല്‍മഞ്ഞുമായി ബന്ധപ്പെട്ട നിരവധി റോഡപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. റോഹ്തക്കിലെ മെഹാം പ്രദേശത്ത് ട്രക്കുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഏകദേശം നാല്‍പ്പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു.