- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിന് മുകളിൽ പ്രാവുകൾക്ക് തീറ്റ നൽകി; മുംബൈയിൽ 51കാരനെതിരെ കേസെടുത്ത് പോലീസ്; വാഹനം പിടിച്ചെടുത്തു
മുംബൈ: മുംബൈയിലെ ദാദറിൽ പൊതുസ്ഥലത്ത് വെച്ച് പ്രാവുകൾക്ക് തീറ്റ നൽകിയതിന് 51-കാരനെതിരെ പോലീസ് കേസെടുത്തു. കാറിന് മുകളിലാണ് പ്രാവുകൾക്ക് തീറ്റ നൽകിയത്. ലാൽബാഗ് സ്വദേശിയായ മഹേന്ദ്ര സാംഖ്‌ലേച്ചയ്‌ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇയാളുടെ കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) പ്രാവുകൾക്ക് പൊതുസ്ഥലത്ത് തീറ്റ നൽകുന്നത് നിരോധിച്ചതിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെയാണ് സംഭവം.
ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ദാദറിലെ 'കബൂത്തർ ഖാന'യ്ക്ക് സമീപം കാർ നിർത്തി, മേൽക്കൂരയിൽ ഒരു ട്രേയിൽ ധാന്യം നിറച്ചുവെക്കുകയായിരുന്നു. സമീപവാസി വീഡിയോ സഹിതം നൽകിയ പരാതിയിലാണ് ശിവാജി പാർക്ക് പോലീസ് നടപടിയെടുത്തത്. ഇത് ചോദ്യം ചെയ്തപ്പോൾ, ഇനിയും 12 കാറുകൾ കൊണ്ടുവരുമെന്ന് സാംഖ്‌ലേച്ച ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
പ്രാവുകൾ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്താണ് ബിഎംസി നഗരത്തിൽ 'കബൂത്തർ ഖാനകൾ' അടയ്ക്കാനും പൊതുസ്ഥലത്ത് തീറ്റ കൊടുക്കുന്നത് നിരോധിക്കാനും തീരുമാനിച്ചത്. എന്നാൽ, ഈ തീരുമാനത്തിനെതിരെ ജൈനമത വിശ്വാസികൾ ഉൾപ്പെടെയുള്ള ഒരു വിഭാഗം ശക്തമായി രംഗത്തെത്തിയിരുന്നു. നിരോധനം പിൻവലിച്ചില്ലെങ്കിൽ നിരാഹാര സമരം നടത്തുമെന്ന് ഒരു ജൈന സന്യാസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബിഎംസിയുടെ നിരോധനത്തിനെതിരെ പ്രാവ് തീറ്റ നൽകുന്നവർ ബോംബെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ, 'കബൂത്തർ ഖാനകൾ' അടച്ചുപൂട്ടാൻ തങ്ങൾ ഉത്തരവിട്ടിട്ടില്ലെന്ന് ഓഗസ്റ്റ് 7-ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നഗരത്തിലെ പ്രാവ് തീറ്റ നിരോധനവുമായി ബന്ധപ്പെട്ട് മുനിസിപ്പൽ അധികൃതരും മൃഗസംരക്ഷകരും തമ്മിൽ തർക്കങ്ങൾ തുടരുകയാണ്. വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലുമാണ്.