- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രാൻസ്ജെൻഡർ ആയതിന്‍റെ പേരിൽ സ്വകാര്യ സ്കൂളിൽ നിന്ന് പിരിച്ചുവിട്ടു; അധ്യാപികക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്; തുല്യ അവസര നയത്തിനായി കമ്മിറ്റി രൂപീകരിച്ചു
ന്യൂഡൽഹി: ട്രാൻസ്ജെൻഡർ ആയതിന്‍റെ പേരിൽ സ്വകാര്യ സ്കൂളിൽ നിന്ന് പിരിച്ചുവിട്ട അധ്യാപികക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി. നഷ്ടപരിഹാരത്തോടൊപ്പം, ട്രാൻസ്ജെൻഡർ വ്യക്തികളുടെ സംരക്ഷണത്തിനും തുല്യ അവസരം ഉറപ്പാക്കുന്നതിനും ഒരു വിദഗ്ദ്ധ സമിതിയെയും രൂപീകരിച്ചു. ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള അധ്യാപികമാരെയാണ് ലിംഗഭേദത്തിന്‍റെ പേരിൽ പിരിച്ചുവിട്ടത്.
വിരമിച്ച ഹൈക്കോടതി ജഡ്ജി ആശ മേനോൻ അധ്യക്ഷത വഹിക്കുന്ന സമിതിയിൽ ട്രാൻസ്ജെൻഡർ അവകാശ പ്രവർത്തക ഗ്രേസ് ബാനു, അകായ് പദ്മശാലി, ദളിത് അവകാശ പ്രവർത്തക വൈജയന്തി വസന്ത മോഗ്ലി, തെലങ്കാനയിൽ നിന്നുള്ള ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ഗൗരവ് മണ്ഡൽ എന്നിവരും ഉൾപ്പെടുന്നു. സാമൂഹിക നീതി-ശാക്തീകരണ സെക്രട്ടറി, വനിതാ-ശിശു വികസന കമ്മീഷണർ സെക്രട്ടറി, ആരോഗ്യ-കുടുംബക്ഷേമ കമ്മീഷണർ സെക്രട്ടറി, വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി എന്നിവരും എക്സ്ഒഫിഷ്യോ അംഗങ്ങളായിരിക്കും.
ജസ്റ്റിസുമാരായ ജെ.ബി പർടിവാല, ആർ. മഹാദേവൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ജെയ്ൻ കൗശിക്കിന്‍റെ ഹരജിയിൽ വിധി പ്രഖ്യാപിച്ചത്. ഔദ്യോഗിക നയരേഖ നിലവിലില്ലാത്ത സ്ഥാപനങ്ങൾക്ക് കേന്ദ്രം നടപ്പിലാക്കുന്നതുവരെ പിന്തുടരാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ജസ്റ്റിസ് പർദിവാല വ്യക്തമാക്കി. തുല്യ അവസര നയം രൂപീകരിക്കൽ, 2019ലെ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ (അവകാശ സംരക്ഷണ) നിയമത്തിന്‍റെയും 2020 ലെ നിയമങ്ങളുടെയും പഠനം, താമസ സൗകര്യത്തിനുള്ള വ്യവസ്ഥകൾ, പരാതി പരിഹാര സംവിധാനങ്ങൾ, പേര് മാറ്റങ്ങൾ, സമഗ്രമായ വൈദ്യ പരിചരണം എന്നിവയാണ് കമ്മിറ്റിയുടെ പ്രധാന ചുമതലകൾ.