ന്യജീവികളോടുള്ള മനുഷ്യന്റെ അശാസ്ത്രീയമായ സമീപനം തുറന്നുകാട്ടുന്ന ഞെട്ടിക്കുന്ന ഒരു വീഡിയോ രാജസ്ഥാനിലെ ആൽവാറിൽ നിന്നാണ് പുറത്തുവന്നത്. ആൽവാറിലെ സിലിസേർ തടാകക്കരയിൽ വെയിൽ കാഞ്ഞ് വിശ്രമിക്കുകയായിരുന്ന ഒരു മുതലയുടെ വാലിൽ പിടിച്ച് വലിച്ച് റീൽസെടുക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

അഞ്ചോ ആറോ പേരുള്ള സംഘത്തിലെ മൂന്ന് യുവാക്കളാണ് മുതലയുടെ അടുത്ത് പോയി സെൽഫിയെടുക്കാനും ഉപദ്രവിക്കാനും ശ്രമിച്ചത്. ഒരാൾ മുതലയുടെ വാലിൽ ധൈര്യത്തോടെ പിടിച്ച് വലിക്കുന്നതും, ഇതോടെ മുതല ഭയന്ന് തടാകത്തിലേക്ക് തിരിച്ചുപോകാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ യുവാക്കൾക്കെതിരെ രൂക്ഷമായ വിമർശനമുയർന്നു. വന്യമൃഗങ്ങളെ ഉപദ്രവിക്കുന്നത് തടയാൻ കർശന നിയമനടപടിയെടുക്കണമെന്നും, യുവാക്കളെ കണ്ടെത്തി ശിക്ഷിക്കണമെന്നും നെറ്റിസെൻസ് ആവശ്യപ്പെട്ടു. ഇത്തരം പ്രവൃത്തികൾ അവരുടെ ജീവന് തന്നെ ഭീഷണിയാണെന്ന മുന്നറിയിപ്പും പലരും നൽകി. വന്യജീവികളോട് ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടതിന്റെ പ്രാധാന്യമാണ് ഈ സംഭവം ഓർമ്മിപ്പിക്കുന്നത്.