ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി. ജനങ്ങൾക്ക് ഇതിനോടകം ജാഗ്രത നിർദ്ദേശം നൽകി. ചുഴലിക്കാറ്റ് ശനിയാഴ്ച ഉച്ചയോടെ കാരയ്ക്കലിനും മഹാബലിപുരത്തിനുമിടയില്‍ കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 90 കിലോമീറ്റര്‍ വേഗതയില്‍വരെ കാറ്റടിക്കാന്‍ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ കനത്ത ജാ​ഗ്രതയാണ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. ചെന്നൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഫിൻജാൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ച ശേഷം ചെന്നൈയിൽ നിന്ന് മംഗലാപുരത്തേയ്ക്കും ട്രിച്ചിയിലേയ്ക്കുമുള്ള രണ്ട് ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി. ഇവിടങ്ങളിൽ നിന്ന് ചെന്നൈയിലേക്ക് തിരികെയുള്ള സർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

അതുപോലെ, 'ഫിൻജാൽ' ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈ അടക്കം ആറ് ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. സ്പെഷ്യൽ ക്ലാസുകളോ പരീക്ഷകളോ നടത്തരുതെന്നാണ് നിർദ്ദേശത്തിൽ പറയുന്നത്. ഐടി കമ്പനി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തണമെന്നും സർക്കാർ നിർദ്ദേശത്തിൽ പറയുന്നു.

ബീച്ചുകളിലും അമ്യൂസ്മെന്റ് പാർക്കുകളിലും പൊതുജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. നാളെ ഉച്ചയ്ക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങരുതെന്നും നിർദ്ദേശം ഉണ്ട്. ഫിൻജാൽ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ രാഷ്ട്രപതിയുടെ നാളത്തെ പരിപാടിയും റദ്ദാക്കിയിട്ടുണ്ട്.