- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നാം ക്ലാസുകാരിയായ മകള്‍ക്ക് ഒരു വര്‍ഷം നല്‍കേണ്ടത് 4.27 ലക്ഷം രൂപ; വര്‍ഷം 20 ലക്ഷം രൂപ വരുമാനമുണ്ടായാലും ഈ ഫീസ് നിരക്ക് താങ്ങാന്‍ കഴിയുമോ? നല്ല വിദ്യാഭ്യാസമെന്നത് ഇന്ന് ആഡംബരം മാത്രമാണ്, മധ്യവര്‍ഗത്തിന് താങ്ങാന്‍ കഴിയില്ല'; അച്ഛന്‍ പങ്കുവെച്ച് കുറുപ്പ് വൈറല്‍
ജയ്പൂര്‍: എല്ലാ മാതാപിതാക്കളുടെയും ആഗ്രഹമാണ് മക്കള്‍ക്ക് മികച്ച് വിദ്യാഭ്യാസം നല്‍കണം എന്നത്. നല്ല സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കളെ പിന്നോട്ട് വലിക്കുന്നത് ആ സ്‌കൂളിലെ ഫീസ് ഘടനയാണ്. ഒരു സാധാരണക്കാരന് താങ്ങുന്നവന്നതിലും അപ്പുറമാണ് സ്‌കൂളുകളിലെ ഫീസ് ഘടന. രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാ പാടുപെടുന്ന മാതാപിതാക്കള്‍ക്ക് അത് വളരെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ഇപ്പോള്‍ അത്തരത്തിലൊരു കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. ഒന്നാം ക്ലാസ്സിലേക്ക് മകള്‍ക്ക് പ്രവേശനം തേടിയ ഒരു അച്ഛന്‍ പങ്കുവച്ച ഫീസ് ഘടന കണ്ടാല്‍ ആരും ഞെട്ടിപ്പോവും. ഒരു വര്‍ഷത്തേക്കുള്ള ആകെ ഫീസ് 4.27 ലക്ഷം രൂപ! വര്‍ഷം 20 ലക്ഷം രൂപ വരുമാനമുണ്ടായാലും ഈ ഫീസ് നിരക്ക് താങ്ങാന്‍ കഴിയുമോയെന്ന് അദ്ദേഹം ചോദിക്കുന്നു.
'നല്ല വിദ്യാഭ്യാസമെന്നത് ഇന്ന് ആഡംബരമാണ്. മധ്യവര്‍ഗത്തിന് താങ്ങാന്‍ കഴിയാത്തതാണ്'- എന്ന കുറിപ്പോടെ ജയ്പൂരിലെ ഒരു സ്‌കൂളിലെ ഒന്നാം ക്ലാസ്സിലെ ഒരു വര്‍ഷത്തെ ഫീസ് ഘടന റിഷഭ് ജെയിന്‍ എന്നയാളാണ് പങ്കുവെച്ചത്. മകളെ അടുത്ത വര്‍ഷം ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കണം. നഗരത്തിലെ സ്‌കൂളുകളിലൊന്നിലെ ഫീസ് നിരക്കാണിത്. മറ്റ് സ്‌കൂളുകളിലും സമാന സ്ഥിതിയാണെന്ന് ജെയിന്‍ കുറിച്ചു.
രജിസ്‌ട്രേഷന്‍ ചാര്‍ജ്-2,000, പ്രവേശന ഫീസ്-40,000; കോഷന്‍ ഡെപ്പോസിറ്റ് (റീഫണ്ട്)- 5000, വാര്‍ഷിക സ്‌കൂള്‍ ഫീസ്- 2,52,000, ബസ് ചാര്‍ജ്- 1,08,000, പുസ്തകങ്ങളും യൂണിഫോമും- 20,000, ആകെ ഫീസ് പ്രതിവര്‍ഷം 4,27,000 രൂപ. വരുമാനത്തിന്റെ 50 ശതമാനം ആദായ നികുതി, ജിഎസ്ടി, പെട്രോളിന്മേലുള്ള വാറ്റ്, റോഡ് ടാക്‌സ്, ടോള്‍ ടാക്‌സ്, പ്രൊഫഷണല്‍ ടാക്‌സ്, ക്യാപിറ്റല്‍ ഗെയിന്‍, ലാന്‍ഡ് രജിസ്ട്രി ചാര്‍ജുകള്‍ എന്നിവയുടെ രൂപത്തില്‍ സര്‍ക്കാര്‍ തട്ടിയെടുക്കുന്നുവെന്ന് ജെയിന്‍ കുറിച്ചു. ആരോഗ്യ ഇന്‍ഷുറന്‍സ്, പിഎഫ്, എന്‍പിഎസ് എന്നിവയിലേക്കും പോകും. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് നിങ്ങള്‍ യോഗ്യരല്ല. സമ്പന്നരെപ്പോലെ സൗജന്യങ്ങളോ ലോണ്‍ എഴുതിത്തള്ളലോ ഉണ്ടാവില്ല. ബാക്കിയുള്ള 10 ലക്ഷം ഭക്ഷണം, വസ്ത്രം, വാടക, ഇഎംഐ എന്നിവയ്ക്കായി ചെലവഴിക്കുകയും കുറച്ച് സമ്പാദിക്കുകയും ചെയ്യാം. അല്ലെങ്കില്‍ നിങ്ങളുടെ രണ്ട് കുട്ടികളുടെ സ്‌കൂള്‍ ഫീസ് അടയ്ക്കാം. ഏത് വേണമെന്ന് തീരുമാനിക്കൂ എന്നും ജെയിന്‍ കുറിച്ചു.
സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവച്ച ഈ കുറിപ്പ് ഇതിനകം ഒന്നര മില്യണ്‍ പേര്‍ കണ്ടുകഴിഞ്ഞു. നിരവധി പേര്‍ കമന്റുമായെത്തി. ചിലര്‍ സ്‌കൂള്‍ ഫീസിനെക്കുറിച്ചുള്ള അച്ഛന്റെ ആശങ്കകള്‍ക്കൊപ്പം നിന്നപ്പോള്‍ മറ്റു ചിലര്‍ വിമര്‍ശനവുമായി രംഗത്തെത്തി. സര്‍ക്കാര്‍ ഭൂമിയും മറ്റ് സൗകര്യങ്ങളും സബ്സിഡി നിരക്കില്‍ നല്‍കുന്നതിനാല്‍ ഇന്ത്യയിലെ സ്‌കൂളുകള്‍ ലാഭരഹിതമായി മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ എന്നതാണ് ഇതിലെ വിരോധാഭാസമെന്ന് ഒരാള്‍ കുറിച്ചു. എന്നിട്ടും രക്ഷിതാക്കള്‍ അത്തരം സ്‌കൂളുകളില്‍ മക്കളുടെ പ്രവേശനം തേടുന്നത് സ്റ്റാറ്റസ് സിംബലായതു കൊണ്ടാണ്. അതിനാല്‍ അവരില്‍ ഭൂരിഭാഗവും അന്യായമായ ഫീസ് ഘടന അംഗീകരിക്കുന്നു. 12 വര്‍ഷത്തെ വിദ്യാഭ്യാസത്തിന് ഒരു കോടിയിലേറെ ചെലവഴിക്കേണ്ട സ്ഥിതിയാണെന്ന് മറ്റൊരാള്‍ കുറിച്ചു. ഇടത്തരക്കാര്‍ക്ക് ഇത്രയും ഉയര്‍ന്ന ഫീസ് താങ്ങാനാവില്ല. ഇതൊരു ഗുരുതരമായ പ്രശ്നമാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
ലക്ഷ്വറി സ്‌കൂള്‍ തെരഞ്ഞെടുക്കുന്നതാണ് പ്രശ്‌നമെന്നും അല്ലെങ്കില്‍ പ്രതിമാസം 10,000 രൂപയേ ഫീസിനത്തില്‍ വരൂ എന്നുമാണ് മറ്റൊരു കമന്റ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഒരിക്കലും ആഡംബരമാകരുത്. അത് അടിസ്ഥാന അവകാശമാണെന്ന് മറ്റൊരാള്‍ കുറിച്ചു. ഉയര്‍ന്ന ഫീസ് എന്നാല്‍ എപ്പോഴും നല്ല വിദ്യാഭ്യാസം എന്നല്ല അര്‍ത്ഥമെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.