മുംബൈ: തോളുവേദനയ്ക്ക് പരിഹാരം തേടിയെത്തിയ 46 വയസ്സുകാരിയെ മസാജ് സെന്ററിലെ ജീവനക്കാരി മർദിച്ചു. മുംബൈയിൽ നടന്ന ഈ സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വിഡിയോയിലൂടെയാണ് പുറത്തറിഞ്ഞത്. ബുക്കിങ് റദ്ദാക്കിയതിനെ തുടർന്നുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. അർബൻ കമ്പനി ആപ്പ് വഴി മസാജ് സേവനം ബുക്ക് ചെയ്ത യുവതിക്കാണ് ദുരനുഭവം ഉണ്ടായത്.

മസാജ് ചെയ്യാനെത്തിയ യുവതി കൊണ്ടുവന്ന വലിയ മസാജ് ബെഡിനെച്ചൊല്ലിയാണ് തർക്കം ആരംഭിച്ചത്. കൂടാതെ, മസാജ് ചെയ്യുന്നയാളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെത്തുടർന്ന് ഉപഭോക്താവ് സേവനം റദ്ദാക്കാനും പണം തിരികെ ആവശ്യപ്പെടാനും തീരുമാനിക്കുകയായിരുന്നു. ഇതോടെ പ്രകോപിതയായ മസാജ് ജീവനക്കാരി യുവതിയെ അസഭ്യം പറയുകയും ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നു.

മർദനത്തിനിടെ യുവതിയുടെ മുടിയിൽ കുത്തിപ്പിടിക്കുകയും മുഖത്ത് ഇടിക്കുകയും തറയിലേക്ക് തള്ളിയിടുകയും ചെയ്തു. തടയാൻ ശ്രമിച്ച യുവതിയുടെ മകനെയും മസാജ് ജീവനക്കാരി തള്ളിമാറ്റി. "ഇവർ ഒരു ഭ്രാന്തിയാണെന്നും എന്റെ വീട്ടിൽ കയറി അമ്മയെ തല്ലുകയാണെന്നും" മകൻ വിളിച്ചുപറയുന്നത് വൈറലായ വിഡിയോയിൽ വ്യക്തമായി കേൾക്കാം.

സംഭവത്തിന് പിന്നാലെ യുവതി പൊലീസിൽ വിവരമറിയിച്ചെങ്കിലും, പൊലീസ് സ്ഥലത്തെത്തുന്നതിന് മുൻപ് മസാജ് ചെയ്യാനെത്തിയ യുവതി അവിടെ നിന്നും കടന്നുകളഞ്ഞു. അന്വേഷണത്തിൽ, അർബൻ കമ്പനി ആപ്പിൽ നൽകിയിരുന്ന മസാജ് ജീവനക്കാരിയുടെ പേരും തിരിച്ചറിയൽ രേഖകളും തമ്മിൽ ചില സാങ്കേതിക പൊരുത്തക്കേടുകൾ ഉള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.