ന്യൂഡല്‍ഹി: ജീവനാംശത്തിനായുള്ള കേസുകളില്‍ പരസ്പ്പരം തമ്മിലടിക്കുന്ന ദമ്പതികളെയാണ് പൊതുവേ കണ്ടു ശീലം. ആ ശീലം മാറിയാല്‍ ഒരു കൗതുകമായി മാറുന്നതാണ് അവസ്ഥ. നീണ്ട കാലത്തെ ദാമ്പത്യ തര്‍ക്കത്തില്‍ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം വേണ്ടെന്ന ഭാര്യയുടെ തീരുമാനത്തെ പ്രശംസിച്ച് സുപ്രീംകോടതി. ഭര്‍തൃവീട്ടില്‍ നിന്നും ലഭിച്ച സമ്മാനങ്ങള്‍ തിരികെ നല്‍കാനും ഭാര്യ തയ്യാറായി. ഇത് അപൂര്‍വമായ ഒത്തുതീര്‍പ്പാണെന്നാണ് കോടതി നിരീക്ഷിച്ചത്. ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച്, ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ക്ക് ഇരു കക്ഷികളും സമ്മതം അറിയിച്ചതായി രേഖപ്പെടുത്തി.

ഭാര്യ ഭര്‍ത്താവിനോട് ഒരു സാമ്പത്തിക ക്ലെയിമുകളും ആവശ്യപ്പെടാത്തത് ഇത്തരം കേസുകളില്‍ അപൂര്‍വമാണെന്നായിരുന്നു ബെഞ്ചിന്റെ നിരീക്ഷണം. ദമ്പതികള്‍ കോടതിയെ സമീപിച്ചപ്പോള്‍ മധ്യസ്ഥതാ കേന്ദ്രത്തില്‍ അനുരഞ്ജന ചര്‍ച്ചകള്‍ നടത്താന്‍ സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചകളുടെ ഫലമായി തന്റെ കൈവശം ഉണ്ടായിരുന്ന സ്വര്‍ണ വളകള്‍ ഭര്‍ത്താവിന്റെ അമ്മയുടേതായിരുന്നുവെന്നും അത് തിരികെ നല്‍കാന്‍ ഭാര്യ തയ്യാറാവുകയുമായിരുന്നു.

ഒത്തുതീര്‍പ്പിന്റെ ഭാഗമായി ഭര്‍ത്താവില്‍ നിന്ന് ഒന്നും ആവശ്യപ്പെടാത്ത അപൂര്‍വ സന്ദര്‍ഭമാണിതെന്ന് ബെഞ്ച് തങ്ങളുടെ ഉത്തരവില്‍ എടുത്തുപറഞ്ഞു. 'ഈ അടുത്ത കാലത്ത് ഞങ്ങള്‍ കണ്ടുവരുന്ന അപൂര്‍വമായ ഒത്തുതീര്‍പ്പുകളില്‍ ഒന്നാണിത്. കാരണം ഭാര്യ ഭര്‍ത്താവില്‍ നിന്ന് ഒന്നും ആവശ്യപ്പെട്ടിട്ടില്ല', ബെഞ്ച് വ്യക്തമാക്കി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് വിവാഹബന്ധം വേര്‍പെടുത്തിക്കൊണ്ടാണ് കോടതിയുടെ ഈ നിരീക്ഷണങ്ങള്‍.