ബെംഗളൂരു: ബെംഗളൂരുവിൽ യുവ എൻജിനിയറെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്ത്രീധനത്തിന്റെ പേരിലുള്ള നിരന്തരമായ പീഡനമാണ് മരണകാരണമെന്ന് യുവതിയുടെ മാതാപിതാക്കൾ ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതി നൽകി. തെക്കൻ ബെംഗളൂരുവിലെ സുദ്ദഗുണ്ടെപാളയയിലുള്ള വീട്ടിൽ ചൊവ്വാഴ്ച രാത്രിയാണ് 27 കാരിയായ ശിൽപ്പയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ടര വർഷം മുൻപാണ് ഇൻഫോസിസിൽ സോഫ്റ്റ്‌വെയർ എൻജിനിയറായിരുന്ന ശിൽപ്പ, ഒറാക്കിളിൽ എൻജിനിയറായിരുന്ന പ്രവീണിനെ വിവാഹം കഴിച്ചത്. ഇവർക്ക് ഒന്നര വയസ്സുള്ള ഒരു കുട്ടിയുണ്ട്. വിവാഹസമയത്ത് 15 ലക്ഷം രൂപ, 150 ഗ്രാം സ്വർണാഭരണങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവ സ്ത്രീധനമായി ആവശ്യപ്പെട്ടതായും, ഇവ നൽകിയിട്ടും കൂടുതൽ പണം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായും ശിൽപ്പയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു.

"നിനക്ക് ഇരുണ്ട നിറമാണ്, എന്റെ മകന് യോജിച്ചതല്ല. അവനെ വിടൂ. ഞങ്ങൾ അവന് കൂടുതൽ നല്ലൊരു വധുവിനെ കണ്ടെത്തും" എന്ന് പ്രവീണിന്റെ അമ്മ ശിൽപ്പയെ കളിയാക്കിയിരുന്നതായും പരാതിയിലുണ്ട്. ഭർത്താവിന്റെ ബിസിനസ് ആവശ്യങ്ങൾക്കായി ആറുമാസം മുൻപ് അഞ്ച് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടെന്നും അത് നൽകിയിട്ടും മാനസികമായി പീഡിപ്പിച്ചെന്നും മാതാപിതാക്കൾ ആരോപിക്കുന്നു.