ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരിലെ ഒരു സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ വാതകച്ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് പത്തോളം വിദ്യാര്‍ത്ഥികള്‍ ബോധരഹിതരായി ആശുപത്രിയില്‍. ഞായാറാഴ്ച വൈകിട്ടാണ് സംഭവം. വിദ്യാര്‍ഥികളുടെ ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രിക്കാര്‍ പറഞ്ഞു. ട്യൂഷന്‍ സെന്ററിന്റെ അകത്തെ അഴുക്കുചാലില്‍ നിന്നാണ് വാതകം ചോര്‍ന്നതെന്ന് പോലീസ് പറഞ്ഞു. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ ബോതരഹിതരായത് എന്നും പോലീസ് വ്യക്തമാക്കി.

പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് കുട്ടികള്‍ ശ്വാസതടസ്സവും തലവേദനയും അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ട്യൂഷന്‍ കെട്ടിടത്തിന്റെ ടെറസിലെ അടുക്കളയിലെ പുകക്കുഴലില്‍ നിന്നും വാതകം പുറത്തേക്ക് വന്നതായും പോലീസ് കൂട്ടിച്ചേര്‍ത്തു. ആദ്യം ഭക്ഷ്യ വിഷബാധ ആണെന്ന് കരുതിയിരുന്നെങ്കിലും പിന്നീട് പോലീസ് ആ സാധ്യത തള്ളിക്കളയുകയായിരുന്നു.

നിലവില്‍ വിദ്യാര്‍ത്ഥികളുടെ നില സാധാരണ ഗതിയിലായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ശ്വാസംമുട്ടലും ചുമയും അനുഭവപ്പെട്ടിരുന്നു. അതേസമയം കോച്ചിംഗ് സെന്ററിന് പുറത്ത് പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും.