ഷിംല: ഹിമാചൽ പ്രദേശിൽ കാലവർഷം ശക്തമായതിനെ തുടർന്ന് സംസ്ഥാനത്ത് 577 റോഡുകൾ അടച്ചിട്ടു. കാലാവസ്ഥാ വകുപ്പ് വീണ്ടും കനത്ത മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിലും മണ്ണിടിച്ചിലിലും നാശനഷ്ടങ്ങൾ സംഭവിച്ചതിനെ തുടർന്നാണ് ഈ നടപടി. അടച്ച റോഡുകളിൽ 213 എണ്ണം കുളുവിലും 154 എണ്ണം മാണ്ഡി ജില്ലയിലുമാണ്. സംസ്ഥാനത്ത് 812 വൈദ്യുതി ട്രാൻസ്‌ഫോർമറുകളും 369 ജലവിതരണ പദ്ധതികളും തടസ്സപ്പെട്ടിട്ടുണ്ട്.

ജൂൺ 20ന് കാലവർഷം ആരംഭിച്ചതു മുതൽ ഇതുവരെ മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിലും റോഡപകടങ്ങളിലുമായി 380 പേർ മരിക്കുകയും 40 പേരെ കാണാതാവുകയും ചെയ്തു. മണ്ണിടിച്ചിലിൽ 48 പേരും, മേഘസ്ഫോടനത്തിൽ 17 പേരും, മിന്നൽ പ്രളയത്തിൽ 11 പേരും, റോഡപകടങ്ങളിൽ 165 പേരുമാണ് മരിച്ചത്.

സംസ്ഥാനത്തിന് ഇതുവരെ 4,306 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. തുടർച്ചയായി പെയ്യുന്ന മഴ നാശനഷ്ടങ്ങൾക്ക് വഴിവെക്കുമെന്ന ആശങ്ക വർധിച്ചിരിക്കുകയാണ്.