ഡൽഹി: പൊതുസ്ഥലത്ത് വീഡിയോ ചിത്രീകരിക്കുന്നതിനിടെ വസ്ത്രധാരണത്തിന്റെ പേരിൽ ഇൻഫ്ലുവൻസർ അഞ്ജലി ത്സായ്ക്ക് പരസ്യശാസന ഏറ്റുവാങ്ങേണ്ടി വന്ന സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. ഒരു സ്ത്രീ അഞ്ജലിയുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്യുകയും വസ്ത്രം മാറ്റാൻ ആവശ്യപ്പെടുകയും ചെയ്യുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

"ഇത് ലണ്ടനോ അമേരിക്കയോ അല്ലെന്നും ഭാരതീയ സ്ത്രീകൾക്ക് ചില മര്യാദകളുണ്ടെന്നും" ശാസിച്ചുകൊണ്ട് സ്ത്രീ അഞ്ജലിയോട് സംസാരിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ചുറ്റുപാടുകൾ അത്ര സുരക്ഷിതമല്ലെന്നും വസ്ത്രധാരണം ശരിയല്ലെങ്കിൽ ആളുകൾ മോശമായ രീതിയിൽ നോക്കുമെന്നും അവർ വാദിച്ചു. "നീ എന്റെ മകളെപ്പോലെയാണ്, പോയി ഡ്രസ്സ് മാറ്റിയിട്ട് വാ. അതിനുശേഷം സമാധാനമായി വീഡിയോ എടുക്കാമല്ലോ" എന്നും സ്ത്രീ അഞ്ജലിയോട് പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ദൂരെ നിന്ന് വീഡിയോ ചിത്രീകരിക്കാനെത്തിയ അഞ്ജലി, ദേഷ്യപ്പെടാതെ ശാന്തമായി പുഞ്ചിരിച്ചുകൊണ്ടാണ് സ്ത്രീയോട് പ്രതികരിച്ചത്. അഞ്ജലിയുടെ ഈ സമീപനവും സാമൂഹിക മാധ്യമങ്ങളിൽ പ്രശംസ പിടിച്ചുപറ്റി.

സംഭവത്തിന്റെ വീഡിയോ വൈറലായതോടെ, വസ്ത്രധാരണ സ്വാതന്ത്ര്യം, പൊതുവിടങ്ങളിലെ പെരുമാറ്റച്ചട്ടങ്ങൾ, വ്യക്തിഗത സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങൾ ഉയർന്നു. സ്ത്രീ ഒരു അമ്മയുടെ കരുതലോടെയാണ് സംസാരിച്ചതെന്നും ഇന്നത്തെ കാലത്തെ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചുള്ള ആശങ്കയാവാം അവരെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചതെന്നുമാണ് ഒരു വിഭാഗം അഭിപ്രായപ്പെട്ടത്.

എന്നാൽ, വസ്ത്രധാരണം ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണെന്നും മറ്റൊരാളുടെ കാര്യത്തിൽ ഇടപെടാൻ ആർക്കും അവകാശമില്ലെന്നും മറുവിഭാഗം വാദിച്ചു. ചിലരുടെ ചിന്താഗതികൾ തിരുത്താൻ സാധിക്കാത്തതുകൊണ്ട് ശരി ശരി എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്നതാണ് ഉചിതമെന്നും പലരും അഭിപ്രായപ്പെട്ടു.