ശ്രീനഗര്‍: ജമ്മു കശ്മീരിലെ റംബാന്‍ ജില്ലയില്‍ കരസേനാ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു. 700 അടി താഴ്ചയുള്ള മലയിടുക്കിലേക്കാണ് വാഹനം പതിച്ചത്. രാവിലെ 11.30 ഓടെ ബാറ്ററി ചാഷ്മയ്ക്ക് സമീപമാണ് അപകടമുണ്ടായത്. സൈനികരായ അമിത് കുമാര്‍, സുജീത് കുമാര്‍, മാന്‍ ബഹാദൂര്‍ എന്നിവരാണ് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് ദേശീയ പാത 44 ലൂടെ പോകുകയായിരുന്ന വാഹന വ്യൂഹത്തിന്റെ ഭാഗമായിരുന്ന ട്രക്ക് ആണ് അപകടത്തില്‍പ്പെട്ടത്. അപകടസ്ഥലത്ത് സൈനികരുടെ മൃതദേഹങ്ങളും അവരുടെ സാധനങ്ങളും പേപ്പറുകളുമെല്ലാം ചിതറിക്കിടക്കുന്ന നിലയിലായിരുന്നു.