അലഹബാദ്: വി.ഡി.സവര്‍ക്കറെ അപമാനിച്ചെന്ന കേസില്‍ സമന്‍സ് റദ്ദാക്കണമെന്ന ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി. ലക്‌നൗ കോടതിയെ രാഹുലിന് സമീപിക്കാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഡിസംബറിലാണ് രാഹുലിന് ലക്‌നൗ കോടതി സമന്‍സ് അയച്ചത്.

സമന്‍സ് ലഭിച്ചിട്ടും രാഹുല്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് രാഹുല്‍ഗാന്ധിക്ക് കോടതി നേരത്തെ പിഴയിട്ടിരുന്നു. 2022 ലെ ഭാരത് ജോഡോ യാത്രയ്ക്കിടെ മഹാരാഷ്ട്രയില്‍ വച്ച് നടത്തിയ പരാമര്‍ശമാണ് വിവാദമായത്. സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ സേവകനായിരുന്നുവെന്നും ബ്രിട്ടീഷുകാരില്‍ നിന്ന് പെന്‍ഷന്‍ പറ്റിയിരുന്നുവെന്നുമായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇതുമായി ബന്ധപ്പെട്ട ലഘുലേഖകളും ഭാരത് ജോഡോയാത്രയ്ക്കിടെ വിതരണം ചെയ്തുവെന്നും പരാതിക്കാരനായ അഭിഭാഷകന്‍ നൃപേന്ദ്ര പാണ്ഡെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിരുന്നു.

അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് തനിക്കെതിരെയുള്ളതെന്നാണ് രാഹുല്‍ ഗാന്ധിയുടെ വാദം.