ബംഗളൂരു: കര്‍ണാടകയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ മൊബൈല്‍ ഫോണിന്റെ ടോര്‍ച്ച് വളിച്ചത്തില്‍ മുറിവ് തുന്നിക്കെട്ടി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. റോഡപകടത്തില്‍ പരിക്കേറ്റ രോഗിയെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ചികിത്സയ്ക്കിടെ ആശുപത്രിയിലെ വൈദ്യുതി നിലച്ചു. ഡോക്ടര്‍മാര്‍ ടോര്‍ച്ച് ലൈറ്റിന്റെയും മൊബൈല്‍ ഫോണ്‍ ലൈറ്റിന്റേയും വെളിച്ചത്തിലാണ് പിന്നീട് ചികിത്സിച്ചത്. 15 മിനിറ്റ് നേരം വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. വൈകുന്നേരം മുതല്‍ വൈദ്യുതി വിതരണത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരുന്നുവെന്ന് മെഡിക്കല്‍ സൂപ്രണ്ട് ശിവ നായക് വ്യക്തമാക്കി.

ഈ സമയത്ത് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും അതാണ് ബുദ്ധിമുട്ടുണ്ടാക്കിയതെന്നും ശിവനായക് പറഞ്ഞു. വിഡിയോയില്‍ അത്യാഹിത വാര്‍ഡിലെ മറ്റ് ഡോക്ടര്‍മാരും നഴ്സുമാരും ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ജോലി ചെയ്യുന്നത് കാണാം.