ചെന്നൈ: തമിഴ്നാട്ടിലെ തെരുവുകളില്‍ നിന്ന് ജാതി പേരുകള്‍ മാറ്റാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. നവംബര്‍ 19 നു മുന്‍പായി ഇത്തരം ജാതിപ്പേരുകള്‍ സ്ഥാപിച്ചിട്ടുള്ള റോഡുകള്‍ക്കും തെരുവുകള്‍ക്കും ആ പേരുകള്‍ മാറ്റി പുതിയ പേരുകള്‍ നല്‍കണമെന്നാണ് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.

ആദി ദ്രാവിഡര്‍ കോളനി, ഹരിജന്‍ കോളനി, പറയര്‍ തെരുവ് എന്നിങ്ങനെ പേരിട്ടിരിക്കുന്ന തെരുവുകളുടെ പേരുകള്‍ മാറ്റണമെന്നാണ് നിര്‍ദേശം. കലൈഞ്ജര്‍, കാമരാജര്‍, മഹാത്മാഗാന്ധി, വീരമാമുനിവര്‍, തന്തൈ പെരിയാര്‍ എന്നിങ്ങനെയുള്ള പേരുകള്‍ പരിഗണിക്കാമെന്നും സ്റ്റാലിന്‍ നിര്‍ദേശിച്ചു.

നിലവിലുള്ള പേരുകളില്‍ തുടരാന്‍ പ്രദേശവാസികള്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കാന്‍ ആവശ്യപ്പെടണം. സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതിവിവേചനത്തിന് അറുതി വരുത്താനും സാമൂഹിക നീതി ഉറപ്പാക്കാനുമാണ് തീരുമാനം.