ന്യൂഡല്‍ഹി: കിഴക്കന്‍ ലണ്ടനില്‍ വെച്ച് ഹര്‍ഷിത ബ്രെല്ല എന്ന 24 കാരിയായ ഇന്ത്യന്‍ വംശജ മരണമടഞ്ഞ സംഭവത്തില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഗാര്‍ഹിക പീഢനം സ്ത്രീധനം വാങ്ങല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നത്. ഈ കേസിലെ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന ഹര്‍ഷിതയുടെ ഭര്‍ത്താവ് പങ്കജ് ലാംബയെ ഇനിയും പിടികിട്ടിയിട്ടില്ല. ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച ഡല്‍ഹി പോലീസ് ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടത്തി വരികയാണ്.

ഇയാളുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്ത വിവരം സൗത്ത് വെസ്റ്റ് ഡി സി പി സുരേന്ദ്ര ചൗധരി സ്ഥിരീകരിച്ചിട്ടുണ്ട്. പങ്കജ് ലാംബയുടെ പിതാവ് ദര്‍ശന്‍ സിംഗും അമ്മ സുനിലുമാണ് മാര്‍ച്ച് 14 ന് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതി എന്ന് സംശയിക്കുന്ന ലാംബയുടെ സഹോദരി ഉമ ഒളിവിലാണ്. അവര്‍ക്കായി പലയിടങ്ങളിലും പോലീസ് റെയ്ഡുകള്‍ നടക്കുന്നുമുണ്ട്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 14 ന് ഭര്‍ത്താവിന്റെ കാറിന്റെ ബൂട്ടിനുള്ളിലായിരുന്നു ഹര്‍ഷിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിഴക്കന്‍ ലണ്ടനിലെ ബ്രിസ്‌ബെയിന്‍ റോഡിലായിരുന്നു കാര്‍ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം നടന്ന പോസ്റ്റ് മോര്‍ട്ടത്തില്‍ ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയിരുന്നു. ലാംബയെ പ്രധാന പ്രതിയാക്കി നോര്‍ത്താംപ്ടണ്‍ഷയര്‍ പോലീസും ഈ കേസ് അന്വേഷിക്കുന്നുണ്ട്.