അഹ്‌മദാബാദ്: വെള്ളത്തില്‍ വിഷം കലര്‍ത്തി നല്‍കി മകനെ കൊന്ന യുവാവ് അറസ്റ്റില്‍. സോഡിയം നൈട്രേറ്റ് കലര്‍ത്തിയ വെള്ളം നല്‍കിയാണ് 10 വയസ്സുള്ള മകനെ കല്‍പേഷ് ഗോഹെല്‍ (47) കൊലപ്പെടുത്തിയത്. ഇതിന് ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ഇയാളുടെ പദ്ധതി.

അഹ്‌മദാബാദിലെ ബാപ്പുനഗര്‍ പ്രദേശത്തുള്ള വസതിയില്‍ വെച്ച് ഛര്‍ദ്ദി തടയാന്‍ കല്‍പേഷ് തന്റെ മകന്‍ ഓമിനും 15 വയസ്സുള്ള മകള്‍ ജിയക്കും മരുന്ന് നല്‍കിയതായി പെണ്‍കുട്ടിയുടെ മൊഴി ഉദ്ധരിച്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് സോഡിയം നൈട്രേറ്റ് കലര്‍ത്തിയ വെള്ളം ഇയാള്‍ മകന് നല്‍കിയെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം ആത്മഹത്യ ചെയ്യാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും വിഷം കഴിച്ച മകന്റെ മോശം അവസ്ഥ കണ്ടതോടെ വീട്ടില്‍ നിന്ന് ഓടിപ്പോകുകയായിരുന്നു.

വെള്ളം കുടിച്ച ഉടന്‍ തന്നെ കുട്ടി ഛര്‍ദ്ദിക്കാന്‍ തുടങ്ങി. കുടുംബാംഗങ്ങള്‍ കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കേസില്‍ പരാതിക്കാരനായ അമ്മാവനോട് ഛര്‍ദ്ദി തടയാന്‍ പിതാവ് തനിക്കും സഹോദരനും 'മരുന്ന്' നല്‍കിയെന്ന് പെണ്‍കുട്ടി പറഞ്ഞതായി എഫ്.ഐ.ആറില്‍ പറയുന്നു.

അറസ്റ്റിന് ശേഷം മകന് നല്‍കിയ വെള്ളത്തില്‍ 30 ഗ്രാം സോഡിയം നൈട്രേറ്റ് കലര്‍ത്തിയതായി ഇയാള്‍ സമ്മതിച്ചതായി എഫ്.ഐ.ആര്‍ പറയുന്നു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 103 (1) (കൊലപാതകം) പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.