ഇംഫാൽ: ഒരു ഇടവേളയ്ക്ക് ശേഷം മണിപ്പൂർ വീണ്ടും അശാന്തമാകുന്നു. ഇപ്പോൾ എസ്​പി ഓഫിസിന്​ നേരെ നടൻ വ്യാപക ആക്രമണത്തിൽ എസ്​പി ഉൾപ്പെടെയുള്ള പോലീസുകാർക്ക്​​ പരിക്ക്. കാങ്​പോക്​പി ജില്ലയിൽ വെള്ളിയാഴ്​ച വൈകീട്ടാണ്​ സംഭവം നടന്നത്. സംഭവത്തിന്​ പിന്നിൽ കുക്കികളാണെന്നാണ് പോലീസ് പറയുന്നത്.

സായ്​ബോൾ മേഖലയിൽനിന്നും​ അർധ സുരക്ഷാ സേനകളായ ബിഎസ്​എഫിനെയും സിആർപിഎഫിനെയും പിൻവലിക്കണമെന്ന ആവശ്യവുമായി കുക്കികൾ രംഗത്ത് വരുകയായിരിന്നു. ഈ പ്രതിഷേധമാണ്​ സംഘർഷത്തിൽ ഒടുവിൽ കലാശിച്ചത്​.

ഡിസംബർ 31ന്​ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ നിരവധി വനിതാ പ്രതിഷേധക്കാർക്ക്​ പരിക്കേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു വെള്ളിയാഴ്​ച വൈകീട്ടുണ്ടായ പ്രകടനം. പ്രതിഷേധക്കാരുടെ കല്ലേറിൽ കാങ്​പോക്​പി എസ്​പി മനോജ്​ പ്രഭാകറിന്​ തലയിൽ ഒന്നിലധികം മുറിവേറ്റിട്ടുണ്ടെന്ന്​ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മറ്റു ചില പോലീസുകാർക്കും പരിക്ക് പറ്റിയിട്ടുണ്ട്​.

കുക്കികളുടെ സംഘടനയായ കമ്മിറ്റി ഓൺ ട്രൈബൽ യൂനിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. ഇവർ എസ്​പി ​ഓഫീസിന്​ നേരെ കല്ലുകളും പെട്രോൾ ബോംബും എറിയുകയായിരുന്നുവെന്ന്​ പോലീസ്​ പറയുന്നു. തുടർന്ന്​ സുരക്ഷാ സേനയെ വിന്യസിച്ച്​ സ്​ഥിതി ശാന്തമാക്കിയതായും പോലീസ് വ്യക്തമാക്കി.