- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം; ഇംഫാലില്‍ അനിശ്ചിത കാല കര്‍ഫ്യൂ; അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റിനും നിരോധനം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രണ്ട് ദിവസം കൂടി അടച്ചിടും
മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം; ഇംഫാലില്‍ അനിശ്ചിത കാല കര്‍ഫ്യൂ
ഇംഫാല്‍: വിദ്യാര്‍ഥിപ്രക്ഷോഭം ആളിക്കത്തിയതോടെ മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഇംഫാലിലാണ് സംഘര്‍ഷം വ്യാപിക്കുന്നത്. ഇംഫാല്‍ താഴ്വരയില്‍ അനിശ്ചിതകാലത്തേക്കു കര്‍ഫ്യൂ പ്രഖ്യാപിച്ചു. അഞ്ചു ദിവസത്തേക്ക് ഇന്റര്‍നെറ്റിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഘര്‍ഷ സാധ്യത കൂടിയ സ്ഥലങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി രണ്ട് ദിവസം കൂടി നീട്ടി. ഇംഫാല്‍ ഈസ്റ്റിലും വെസ്റ്റിലും ആളുകള്‍ വീടിനു പുറത്തിറങ്ങുന്നതു തടഞ്ഞ് കലക്ടര്‍മാര്‍ ഉത്തരവിട്ടു.
രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയ മെയ്‌തെയ് വിദ്യാര്‍ഥികള്‍ ഇന്നലെയും സുരക്ഷാസേനയുമായി ഏറ്റുമുട്ടി. 40 പേര്‍ക്ക് പരുക്കേറ്റു. ഒരാഴ്ചയ്ക്കിടെ മണിപ്പൂരില്‍ വിവിധയിടങ്ങള്‍ ഉണ്ടായ ആക്രമങ്ങളില്‍ 15 പേരോളം കൊല്ലപ്പെട്ടിട്ടുണ്ട്. അക്രമ സംഭവങ്ങളില്‍ മണിപ്പൂര്‍ ഗവര്‍ണര്‍ ആശങ്ക രേഖപ്പെടുത്തി. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ രാജഭവന് സുരക്ഷ വര്‍ധിപ്പിച്ചു. മണിപ്പുരിലെ സുരക്ഷാ ഉപദേഷ്ടാവിനെയും ഡിജിപിയെയും മാറ്റണമെന്നും യൂണിഫൈഡ് കമാന്‍ഡിന്റെ ചുമതല മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന് നല്‍കണമെന്നും ആവശ്യപ്പെട്ടു രാജ്ഭവനിലേക്ക് മാര്‍ച്ച് ചെയ്ത സ്ത്രീകളടക്കമുള്ള ആയിരക്കണക്കിനു വിദ്യാര്‍ഥികളെ പൊലീസും സുരക്ഷാ സേനയും തടഞ്ഞു.
സമരക്കാര്‍ കല്ലേറു തുടങ്ങിയതോടെ കണ്ണീര്‍വാതക ഷെല്ലുകളും മോക് ബോംബുകളും ഉപയോഗിച്ചാണു നേരിട്ടത്. ഇംഫാല്‍ വെസ്റ്റിലും മണിപ്പുര്‍ സര്‍വകലാശാലയിലെ മെയ്‌തെയ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വന്റാലി നടന്നു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ കോലം കത്തിച്ചു. സെക്രട്ടേറിയറ്റിലേക്ക് നീങ്ങിയ വിദ്യാര്‍ഥികളെ പൊലീസ് തടഞ്ഞു. ഒരാഴ്ചയ്ക്കിടയില്‍ 11 പേരാണ് മെയ്‌തെയ് -കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്.
സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് മുന്‍പ് നടത്തിയ നീക്കം പാളിയതെന്നും ലഫ് ജനറല്‍ പിസി നായര്‍ വിശദീകരിച്ചു. സംസ്ഥാനത്തെ സുരക്ഷ ഉപദേഷ്ടാവിനെയും ഡിജിപിയേയും മാറ്റണമെന്നതടക്കം പ്രധാന ആവശ്യങ്ങളുമായി സമരം ചെയ്യുന്ന മെയ്‌തെയ് അനുകൂല വിദ്യാര്‍ത്ഥി സംഘടനയായ ഓള്‍ മണിപ്പൂര്‍ സ്റ്റുഡന്‍സ് യൂണിയന്‍ പ്രശ്‌ന പരിഹാരത്തിന് സമയപരിധി വച്ചു.
ഭരണകക്ഷിയിലെ മെയ്‌തെയ്, നാഗാ എംഎല്‍എമാരുമായി യോഗം ചേര്‍ന്നതിനു ശേഷം ഇന്നലെയും മുഖ്യമന്ത്രി ബിരേന്‍ സിങ് ഗവര്‍ണറെ കണ്ടു. പരമ്പരാഗത ഭൂമി തട്ടിയെടുക്കാനുള്ള മെയ്‌തെയ് സംഘടനകളുടെ ശ്രമത്തിനെതിരെ അവസാനതുള്ളി രക്തവും ചിന്തുമെന്ന് കുക്കി ഗോത്ര സംഘടനകളുടെ ഏകോപനസമിതി കമ്മിറ്റി ഓണ്‍ ട്രൈബല്‍ യൂണിറ്റി പ്രഖ്യാപിച്ചു. കുക്കി-സോ ഗോത്രങ്ങളെ വംശഹത്യ നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇനിയൊരിക്കലും മെയ്‌തെയ്കള്‍ക്കൊപ്പം സഹകരിക്കാന്‍ പറ്റില്ലെന്നും പ്രത്യേക ഭരണപ്രദേശം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.