ബിലാസ്പുര്‍: ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാര്‍ഥി സ്വയം വെടിവെച്ച് മരിച്ചു. 22 വയസ്സുകാരനായ സന്‍സ്‌കാര്‍ സിങ്ങാണ് മരിച്ചത്. പരീക്ഷാ സമ്മര്‍ദ്ദം കാരണം സന്‍സ്‌കാര്‍ സിങ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലും വിഷാദത്തിലുമായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

സെപ്റ്റംബര്‍ 27നാണ് സംഭവം. സന്‍സ്‌കാര്‍ മുറിയില്‍ തനിച്ചായിരുന്നു. വെടിയൊച്ച കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴാണ് സന്‍സ്‌കാറിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ആത്മഹത്യയുടെ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ കുറച്ച് നാളുകളായി ഇയാള്‍ കടുത്ത മാനസിക സമ്മര്‍ദ്ദവും വിഷാദവും അനുഭവിച്ചിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. കഠിനമായ മത്സര പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിന്റെ നിരന്തരമായ സമ്മര്‍ദ്ദത്തിലായിരുന്നു വിദ്യാര്‍ഥിയെന്ന് കുടുംബാംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സന്‍സ്‌കാര്‍ മിടുക്കനും കഠിനാധ്വാനിയുമായിരുന്നുവെങ്കിലും, സമീപ മാസങ്ങളില്‍ മാനസികമായി അസ്വസ്ഥനായി കാണപ്പെട്ടു എന്ന് അയല്‍ക്കാരും സുഹൃത്തുക്കളും വ്യക്തമാക്കി.