- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനങ്ങള്‍ക്ക് സുരക്ഷിതവും ആധുനിക സൗകര്യങ്ങളോട് കൂടിയ ട്രെയിന്‍ യാത്ര ഉറപ്പാക്കുന്നതിന് ഇന്ത്യന്‍ റെയില്‍വേ; രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ 200 വന്ദേ ഭാരത്, 100 അമൃത് ഭാരത്, 50 നമോ ഭാരത് റാപ്പിഡ് റെയില്‍, 17,500 ജനറല്‍ നോണ്‍ എസി കോച്ചുകള്‍ എത്തും; വമ്പന്‍ പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് കേന്ദ്ര ബജറ്റിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ കത്തിക്കൊണ്ടിരിക്കുമ്പോള്‍ നവീന പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വേ, ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് രംഗത്തെത്തി. ബജറ്റിന് മുന്നോടിയായുള്ള ഈ പ്രഖ്യാപനം വിവിധ മേഖലകളിലുമുള്ള പുരോഗതിക്കും വികസനത്തിനുമുള്ള അടിസ്ഥാന ശിലയായിരിക്കുമെന്നാണ് പ്രതീക്ഷ. പ്രത്യേകിച്ചും രാജ്യത്തെ റെയില്‍വേ സേവനങ്ങളും ഡിജിറ്റല്‍ മേഖലയും പരിഷ്‌കരിക്കാനുള്ള മന്ത്രിയുടെ പ്രഖ്യാപനം വലിയ മാറ്റങ്ങള്‍ക്ക് വേദിയാകുമെന്ന് കണക്കാക്കപ്പെടുന്നു. ബജറ്റിന്റെ ആകസ്മികതയ്‌ക്കൊപ്പമുള്ള ഈ പുതിയ പ്രഖ്യാപനം ഏതാണ്ട് എല്ലാ വിഭാഗം ജനങ്ങളുടെയും ശ്രദ്ധനേടിയിരിക്കുകയാണ്.
രാജ്യത്തുടനീളമുള്ള റെയില്‍വേ ശൃംഖലയുടെ വികസനത്തിനും ജനങ്ങള്‍ക്ക് സുരക്ഷിതവും ആധുനിക സൗകര്യങ്ങളോട് കൂടിയ ട്രെയിന്‍ യാത്ര ഉറപ്പാക്കുന്നതിനും ആവശ്യമായ തുക വിനിയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ 200 പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍, 100 അമൃത് ഭാരത് ട്രെയിനുകള്‍, 50 നമോ ഭാരത് റാപ്പിഡ് റെയില്‍, 17,500 ജനറല്‍ നോണ്‍ എസി കോച്ചുകള്‍ എന്നിവ രാജ്യത്ത് കൊണ്ടു വരുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
കൂടാതെ 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ 2,52,000 കോടി രൂപ റെയില്‍വേ മന്ത്രാലയത്തിന് വകയിരുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് നന്ദി പറഞ്ഞു. പുതിയ ട്രെയിനുകളും ആധുനിക കോച്ചുകളും അനുവദിക്കുന്നത് സാധാരണക്കാരുടെയും, മധ്യവര്‍ഗത്തില്‍പ്പെടുന്ന ആളുകളുടെയും യാത്ര കൂടുതല്‍ സുഗമമാക്കും. റെയില്‍വേ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി 4,60,000 കോടി രൂപയാണ് ഈ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുളളത്. സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട്, ഇന്ത്യന്‍ റെയില്‍വേയുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള ചെലവുകള്‍ക്കായി 1,16,000 കോടി രൂപ ബജറ്റില്‍ വകയിരുത്തുന്നു.
ലോക്സഭയില്‍ കേന്ദ്ര ബജറ്റ് അവതരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ, ബജറ്റ് നിക്ഷേപത്തിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല, ആദായനികുതി ഭാരം കുറയ്ക്കുന്നത് മധ്യവര്‍ഗത്തിന് വലിയ ആശ്വാസം നല്‍കുമെന്നും മന്ത്രി പറഞ്ഞു. സ്ട്രാറ്റജിക് ലൈനുകളുടെ പ്രവര്‍ത്തനത്തിലെ നഷ്ടപരിഹാരമായി 2025-26 ലെ ബജറ്റ് എസ്റ്റിമേറ്റില്‍ 2,739.18 കോടി രൂപയായി നിലനിര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 2024-25 ലെ പുതുക്കിയ എസ്റ്റിമേറ്റില്‍ ഇത് 2,602.81 കോടി രൂപയായിരുന്നു.
ദേശീയ പദ്ധതികള്‍ക്കായി വിപണിയില്‍ നിന്ന് വായ്പയെടുക്കുന്നതിന് ഈ സാമ്പത്തിക വര്‍ഷം 706 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതോടെ, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ എസ്റ്റിമേറ്റിലെ 2,79,000 കോടിയില്‍ നിന്ന് ഈ വര്‍ഷത്തെ ബജറ്റ് എസ്റ്റിമേറ്റില്‍ ഇന്ത്യന്‍ റെയില്‍വേയുടെ അറ്റാദായ ചെലവ് 3,02,100 കോടി രൂപയായെന്നും അദ്ദേഹം പറഞ്ഞു.
ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ 1.6 ബില്യണ്‍ ടണ്‍ ചരക്ക് എത്തിക്കുന്ന റെയില്‍വേയുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ചരക്ക് ഗതാഗത മാര്‍ഗമായി ഇന്ത്യന്‍ റെയില്‍വേ മാറും. അതിവേഗ ട്രെയിനുകളില്‍, 2047 ഓടെ മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയുള്ള 7,000 കിലോമീറ്റര്‍ അതിവേഗ റെയില്‍ ശൃംഖലയാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.