ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ സിപിഎമ്മും സിപിഐയും രണ്ട് വീതം സീറ്റുകളിൽ മത്സരിക്കും. ഡിഎംകെയും ഇടത് പാർട്ടികളും തമ്മിൽ സീറ്റ് ധാരണയിലെത്തി. 2019-ലും രണ്ട് സീറ്റുകളിലായിരുന്നു ഇരുപാർട്ടികളും മുന്നണിയിൽ മത്സരിച്ചിരുന്നത്. രണ്ടിടത്തും ഇരുപാർട്ടികളും ജയിക്കുകയും ചെയ്തിരുന്നു.

എന്നാൽ, അതേ സീറ്റുകൾ തന്നെ ഇത്തവണയും ഇരുപാർട്ടികൾക്കും ലഭിക്കുമോയെന്നതിൽ വ്യക്തതയില്ല. സീറ്റുകളുടെ എണ്ണത്തിൽ മാത്രമേ ധാരണയായിട്ടുള്ളൂ. ഏതെല്ലാം സീറ്റുകളിലാണ് മത്സരിക്കുക എന്നതിൽ തീരുമാനമായിട്ടില്ല. സീറ്റുകൾ ഏതാണെന്നത് തുടർചർച്ചയിൽ തീരുമാനമാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണൻ പറഞ്ഞു.

സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ കോയമ്പത്തൂരിനെചൊല്ലി സിപിഎമ്മും ഡിഎംകെയും തമ്മിൽ തർക്കമുണ്ട്. കോയമ്പത്തൂരിൽ കമൽഹാസൻ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന് കൈമാറാനാണ് ഡിഎംകെയ്ക്ക് താത്പര്യം.

എന്നാൽ, മണ്ഡലം വിട്ടുകൊടുക്കില്ലെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. കോയമ്പത്തൂരിന് പുറമെ മധുരയിലാണ് സിപിഎമ്മിന്റെ് സിറ്റിങ് സീറ്റ്. തിരുപ്പുരിലും നാഗപട്ടണത്തുമാണ് സിപിഐ മത്സരിച്ചത്.