ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സംഭാല്‍ ജില്ലയില്‍ പളളി സര്‍വേയെത്തുടര്‍ന്ന് പ്രദേശവാസികളും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സമാജ്വാദി പാര്‍ട്ടി എം.പി ഉള്‍പ്പെടെ 400 പേര്‍ക്കെതിരേ കേസെടുത്തു. 25 പേരെ അറസ്റ്റ് ചെയ്തു. എസ്.പി എം.പി സിയാ ഉര്‍ റഹ്‌മാന്‍ ബറാഖ്, പാര്‍ട്ടി സഹപ്രവര്‍ത്തകന്‍ ഇക്ബാല്‍ മഹമൂദിന്റെ മകന്‍ നവാബ് സുഹൈല്‍ ഇക്ബാല്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരേയാണ് കേസ്.

അക്രമത്തിന്റെ ഉത്തരവാദിത്തം പോലീസിനാണെന്നും ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്നും ബറാഖ് ആരോപിച്ചിരുന്നു. പോലീസ് വെടിയുതിര്‍ത്തത് സര്‍ക്കാര്‍ ആയുധങ്ങളുപയോഗിച്ചല്ല സ്വകാര്യ ആയുധങ്ങളില്‍ നിന്നാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കേസ് രജിസ്റ്റര്‍ ചെയ്യുകയും നടപടിയെടുക്കുകയും വേണമെന്നും അദ്ദേഹം എന്‍.ഡി.ടി.വിയോട് അഭിപ്രായപ്പെട്ടു. ഗൂഢാലോചനയുടെ ഭാഗമായാണ് ഒരു വിഭാഗത്തെ ലക്ഷ്യമിട്ട് കൊലപ്പെടുത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

സംഭാലിലെ അക്രമത്തിനുപിന്നില്‍ ബി.ജെ.പി.യാണെന്നും തിരഞ്ഞെടുപ്പ് ക്രമക്കേടുകളില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നതെന്നും സമാജ് വാദി പാര്‍ട്ടിനേതാവ് അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

സംഭവസമയത്ത് തങ്ങളുടെ എംപി സിയ ഉര്‍ റഹ്‌മാന്‍ സംഭാലില്‍ ഉണ്ടായിരുന്നില്ല, എന്നിട്ടും അദ്ദേഹത്തിനെതിരെ കേസെടുത്തു. ഞങ്ങളുടെ കൈവശമുള്ള എല്ലാ വീഡിയോകളില്‍ നിന്നും ഇത് സര്‍ക്കാരിന്റെ കലാപമാണെന്ന് മനസ്സിലാക്കിയിട്ടുണ്ട്- അഖിലേഷ് യാദവ് പറഞ്ഞു.

മുഗള്‍ രാജാക്കന്മാരുടെ കാലത്ത് സ്ഥാപിക്കപ്പെട്ട ഷാഹി ജുമാ മസ്ജിദിനെച്ചൊല്ലിയുള്ള അവകാശത്തര്‍ക്കമാണ് ഞായറാഴ്ച സംഘര്‍ഷത്തില്‍ കലാശിച്ചത്. പള്ളി സ്ഥിതിചെയ്യുന്നത് 1529-ല്‍ മുഗള്‍ ചക്രവര്‍ത്തി ബാബര്‍ ഭാഗികമായി തകര്‍ത്തെന്ന് പറയപ്പെടുന്ന ഹരിഹര്‍ മന്ദിറിന്റെ മുകളിലാണെന്ന വാദം പരിശോധിക്കാനായി കോടതി നിര്‍ദേശിച്ച സര്‍വേ ഞായറാഴ്ച പോലീസിന്റെ അകമ്പടിയോടെ ഉദ്യോഗസ്ഥര്‍ നടത്തുന്നതിനിടെയാണ് പ്രദേശവാസികള്‍ സംഘര്‍ഷം തുടങ്ങിയത്.

പ്രതിഷേധക്കാര്‍ സര്‍വേക്കാര്‍ക്കുനേരെ കല്ലേറ് നടത്തുകയായിരുന്നു. ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. ലാത്തിയും കണ്ണീര്‍വാതകവും ഉപയോഗിച്ചാണ് പോലീസ് പ്രതിഷേധക്കാരെ നേരിട്ടത്. സംഘര്‍ഷത്തില്‍ ഇരുപതോളം പോലീസുകാര്‍ക്ക് പരിക്കേറ്റു. നാലുപേര്‍ കൊല്ലപ്പെടുകയും ചെയ്തു.

പ്രദേശത്തെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. പ്ലസ്ടുവരെയുള്ള സ്‌കൂളുകള്‍ താല്‍കാലികമായി അടച്ചു. സാമൂഹികപ്രവര്‍ത്തനം നടത്തുന്ന സംഘടനകളോ, ജനപ്രതിനിധികളോ സംഘര്‍ഷബാധിതപ്രദേശത്തേക്ക് പ്രവേശിക്കുന്നത് പോലീസ് കര്‍ശനമായി വിലക്കിയിരിക്കുകയാണ്.

പ്രതികള്‍ക്കെതിരെ ദേശരക്ഷാനിയമം ചുമത്തി കേസെടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കോടതി നിര്‍ദേശപ്രകാരമാണ് ഉദ്യോഗസ്ഥര്‍ വന്നതെന്നും അത് തടസ്സപ്പെടുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നുമാണ് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ പ്രതികരിച്ചത്.പളളി സര്‍വേക്ക് പിന്നാലെ പ്രദേശവാസികളും പോലീസും തമ്മില്‍ സംഘര്‍ഷം; യു.പി.യില്‍ എം.പി ഉള്‍പ്പെടെ 400-പേര്‍ക്കെതിരെ കേസെടുത്തു