കൊച്ചി: ലക്ഷദ്വീപിലേക്കുള്ള പാസഞ്ചര്‍ ഷിപ്പുകളില്‍ രാഷ്ട്രീയ വിവാദം. ക്രിസ്മസ് അവധി കണക്കിലെടുത്ത് ഡിസംബര്‍ 19 മുതല്‍ 24 വരെ ദ്വീപില്‍ നിന്നും തിരിച്ചു യാത്രാ സൗകര്യം ഒരുക്കിയതിന് തുറമുഖ ഡയറക്ടറേയും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനേയും അഭിനന്ദിച്ച് യുവമോര്‍ച്ച രംഗത്തു വന്നു.

കൊച്ചിയില്‍ നിന്നും കോഴിക്കോട് നിന്നും ദ്വീപിലേക്കുള്ള യാത്രാ സൗകര്യം വെട്ടിക്കുറച്ചത് വലിയ പ്രതിഷേധത്തിന് കാരണമായിയിരുന്നു. ഒരു വലിയ യാത്രാ കപ്പല്‍ മാത്രമുള്ളത് അവധിക്കാലത്ത് നാട്ടിലെത്താനുള്ള വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരുടെ ആഗ്രഹങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന ആശങ്ക ഉയരുകയും ചെയ്തു. പിന്നാലെ ദ്വീപില്‍ വലിയ രാഷ്ട്രീയ വിവാദം ഉടലെടുത്തു. എന്‍സിപി ശരത് പവാര്‍ വിഭാഗവും കോണ്‍ഗ്രസും കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തിറങ്ങി . ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനെതിരെ പ്രതിഷേധവുമായും പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തിറങ്ങി .

എസ് എഫ് ഐക്കാര്‍ ലക്ഷദ്വിപില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം വിവാദമായതിന് പിന്നാലെ മുന്‍ എസ് എഫ് ഐ നേതാവ് കൂടിയായ സിപിഎം രാജ്യസഭാംഗം വി ശിവദാസനും ദ്വീപിലെ യാത്രാ പ്രശ്‌നത്തില്‍ ഇടപെട്ടു. ഇങ്ങനെ കേന്ദ്ര സര്‍ക്കാരിനെ ലക്ഷ്യമിട്ട് പ്രതിപക്ഷം നീങ്ങുന്നതിനിടെ ഡിസംബര്‍ 19 മുതല്‍ 24 വരെ താല്ക്കാലിക യാത്രാ സൗകര്യമൊരുക്കിയത് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ അടിയന്തര ഇടപെടല്‍ കൊണ്ടാണെന്ന് യുവമോര്‍ച്ച ചൂണ്ടിക്കാട്ടുന്നു. യുവമോര്‍ച്ച അദ്ധ്യക്ഷന്‍ അഡ്വ പി എം മുഹമ്മദ് സാലിഹ് വിഷയത്തില്‍ രാഷ്ട്രീയ നേട്ടത്തിനിറങ്ങിയവരെ പരിഹസിക്കുകയും ചെയ്യുന്നു.

തുറമുഖ ഡയറക്ടറും ദ്വീപ് അഡ്മിനിസ്‌ട്രേഷനും സമയോചിത ഇടപെടലാണ് നടത്തിയതെന്നും രാഷ്ട്രീയ മുതലെടുപ്പിന് ഇറങ്ങിയവര്‍ ഇളിഭ്യരായി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നേരത്തെ ദ്വീപിലെ ആഖജ നേതാവും കേന്ദ്ര ഫിഷറീസ് ഡവലപ്‌മെന്റ് ബോര്‍ഡ് അംഗവുമായ ഡോ . ആര്‍. എം ഹിദായത്തുള്ള ദ്വീപിലെ യാത്രാ പ്രശ്‌നം ചൂണ്ടിക്കാട്ടി കേന്ദ്ര ഫിഷറീസ് ന്യൂനപക്ഷ കാര്യ സഹമന്ത്രി ജോര്‍ജ് കുര്യന് നിവേദനം നല്‍കിയിരുന്നു. ദ്വീപ് നിവാസികളുടെ യാത്രാ പ്രശ്‌നത്തിന് താല്ക്കാലിക പരിഹാരമായെങ്കിലും ശാശ്വത പരിഹാരം വേണമെന്ന ആവശ്യം ശക്തമാണ്.