മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം അധികാരം പിടിച്ചതിന് പിന്നാലെ ബിജെപിയോട് അടുക്കാന്‍ ഉദ്ധവ് താക്കറെ ശ്രമിക്കുന്നതായി സൂചന. ഇതിന്റെ ഭാഗമായി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിനെ പ്രശംസിച്ചു കൊണ്ട് ശിവസേനയുടെ (യുബിടി) മുഖപത്രമായ സാമ്‌നയില്‍ മുഖപ്രസംഗം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

സംസ്ഥാനത്ത് നക്സലൈറ്റുകളെ ഇല്ലാതാക്കാന്‍ ശ്രമിച്ചതിന് ഫഡ്‌നാവിസിന് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള മുഖപ്രസംഗമാണ് സാമ്‌നയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഛത്തീസ്ഗഢുമായി അതിര്‍ത്തി പങ്കിടുന്ന ഗഡ്ചിരോളിയിലെ നക്സലൈറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാനുള്ള ഫഡ്നാവിസിന്റെ ശ്രമങ്ങളെ പുകഴ്ത്തിയാണ് മുഖപ്രസംഗം എത്തിയിരിക്കുന്നത്.

ദേവേന്ദ്ര ഫഡ്നാവിസ് ഗഡ്ചിരോളിയില്‍ നിരവധി വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു, പുരോഗതിയുടെ ഒരു പുതിയ യുഗം തന്നെ പ്രഖ്യാപിച്ചു. ഈ നടപടി ഗഡ്ചിരോളിയെ മാത്രമല്ല, മഹാരാഷ്ട്രയ്ക്ക് മുഴുവന്‍ ഗുണപരമായി മാറും. ഫഡ്‌നാവിസിന്റെ ഇത്തരം സംരംഭങ്ങള്‍ ജനങ്ങളുടെ ജീവിതത്തെ, പ്രത്യേകിച്ച് ആദിവാസി വിഭാഗങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുമെന്നാണ് പ്രതീക്ഷയെന്നും സാമ്‌ന വ്യക്തമാക്കി.

ദിവസങ്ങള്‍ക്ക് മുമ്പ് നക്‌സല്‍ ബാധിത മേഖലയായ ഗഡ്ചിരോളിയില്‍ ഫഡ്‌നാവിസ് സന്ദര്‍ശനം നടത്തിയിരുന്നു. ഫഡ്‌നാവിസിന്റെ ആദ്യ സന്ദര്‍ശന വേളയ്ക്കിടെ 11 നക്‌സലൈറ്റുകളാണ് കീഴടങ്ങിയത്. ഇതോടെ മഹാരാഷ്ട്രയില്‍ നിന്ന് നക്‌സലിസം ഉടന്‍ തന്നെ ഉന്മൂലനം ചെയ്യപ്പെടുമെന്ന് ഫഡ്‌നാവിസ് പറഞ്ഞിരുന്നു. നിലവിലെ ഉപമുഖ്യമന്ത്രിയായ ഏക്നാഥ് ഷിന്‍ഡെയ്ക്ക് സാമ്‌ന മുഖപ്രസംഗത്തില്‍ വിമര്‍ശനമുണ്ടെന്നതും ശ്രദ്ധേയമാണ്. അതേസമയം, ഫഡ്നാവിസിന്റെ നല്ല പ്രവൃത്തി സാമ്ന ശ്രദ്ധിച്ചതില്‍ സന്തോഷമുണ്ടെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് ബവന്‍കുലെ പ്രതികരിച്ചു.