- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്‍മുഖ്യമന്ത്രി മദന്‍ലാല്‍ ഖുറാനയുടെ മകന്‍; എഎപി മന്ത്രിയായിരുന്ന കപില്‍ മിശ്ര എന്നിവരടക്കം പ്രമുഖര്‍; ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബി.ജെ.പി. ആം ആദ്മി പാര്‍ട്ടി വിട്ട് ബി.ജെ.പിയിലെത്തിയ കപില്‍ മിശ്ര, ഡല്‍ഹി മുന്‍മുഖ്യമന്ത്രി മദന്‍ലാല്‍ ഖുറാനയുടെ മകന്‍ ഹര്‍ഷ് ഖുറാന എന്നിവര്‍ ഉള്‍പ്പെടെ 29 പേരടങ്ങിയ പട്ടികയാണ് ശനിയാഴ്ച പുറത്തിറക്കിയത്.
കരാവല്‍ നഗറില്‍നിന്നാണ് നിലവില്‍ ഡല്‍ഹി ബി.ജെ.പി. ഉപാധ്യക്ഷന്‍ കൂടിയായ കപില്‍ മിശ്ര ജനവിധി തേടുന്നത്. കെജ്രിവാള്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കപില്‍ മിശ്ര, 2019-ലാണ് ബി.ജെ.പിയിലെത്തുന്നത്.
ശകുര്‍ ബസ്തി മണ്ഡലത്തില്‍ എ.എ.പിയുടെ സത്യേന്ദര്‍ ജെയിനെതിരേ മത്സരിക്കുന്നത് കര്‍ണെയില്‍ സിങ്ങാണ്. നീലം കൃഷന്‍ പഹല്‍വാന്‍ നജഫ്ഗഢില്‍നിന്നും ജനവിധി തേടും. ഉമംഗ് ബജാജ് (രജിന്ദര്‍ നഗര്‍), സതീഷ് ജെയിന്‍ (ചാന്ദ്നി ചൗക്ക്), രാജ് കരണ്‍ ഖത്രി (നരേല), ശ്യാം ശര്‍മ (ഹരിനഗര്‍), പങ്കജ് കുമാര്‍ സിങ്( വികാസ് പുരി) തുടങ്ങിയവരാണ് പട്ടികയിലെ മറ്റു പേരുകാര്‍.
രാജ്യതലസ്ഥാനത്ത് നടക്കാനിരിക്കുന്ന നിര്‍ണായക തിരഞ്ഞെടുപ്പില്‍ ജയം കൊതിച്ച് പ്രമുഖരെ തന്നെയാണ് ബിജെപി കളത്തില്‍ ഇറക്കുന്നത്. മോത്തി നഗറില്‍ ഹരീഷ് ഖുറാനയെയും കോണ്ട്ലിയില്‍ പ്രിയങ്ക ഗൗതമിനെയും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചു. കരുത്തരായ സ്ഥാനാര്‍ത്ഥികളെ തന്നെ രംഗത്തിറക്കി എഎപിയുടെ വെല്ലുവിളി മറികടക്കാമെന്നാണ് പാര്‍ട്ടി കരുതുന്നത്. 1998ന് ശേഷം ഡല്‍ഹിയില്‍ അധികാരത്തിന് പുറത്താണ് ബിജെപി.
കേന്ദ്രം ഭരിക്കുമ്പോഴും തലസ്ഥാനം ഇപ്പോഴും കൈപ്പിടിയില്‍ ഒതുക്കാന്‍ കഴിയാത്തത് അവര്‍ക്കൊരു ക്ഷീണമാണ്. അതിനായി മികച്ച സ്ഥാനാര്‍ത്ഥികളെ തന്നെയാണ് അവര്‍ മത്സര രംഗത്ത് കൊണ്ടുവന്നിരിക്കുന്നത്. രാജ് കരണ്‍ ഖത്രി നരേലയിലും സൂര്യ പ്രകാശ് ഖത്രി തിമര്‍പൂരിലും ഗജേന്ദ്ര ദരാലിനെ മുണ്ട്കയിലും ആയിരിക്കും മത്സരിക്കുക.
മനീഷ് ചൗധരിയെ ഓഖ്ലയിലും പ്രിയങ്ക ഗൗതം കോണ്ട്ലിയിലും (എസ്സി), അഭയ് വര്‍മയെ ലക്ഷ്മി നഗറിലും അനില്‍ ഗൗറിനെ സീലംപൂരിലുമാണ് പാര്‍ട്ടി മത്സരിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ബിജെപി അവരുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയത്. ഈ ലിസ്റ്റില്‍ ന്യൂഡല്‍ഹി അസംബ്ലി മണ്ഡലത്തില്‍ എഎപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരെ പര്‍വേഷ് വര്‍മയെയും നിലവിലെ മുഖ്യമന്ത്രി അതിഷിയ്ക്കെതിരെ കല്‍ക്കാജിയില്‍ രമേഷ് ബിധുരിയെയും കൊണ്ടുവന്നിരുന്നു.
എന്നാല്‍ ഡല്‍ഹിയില്‍ ഇതുവരെയും ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് എഎപി പ്രധാനമായും അവരെ ആക്രമിക്കുന്നത്. ഏറ്റവും ഒടുവില്‍ വിമര്‍ശനവുമായി അരവിന്ദ് കെജ്രിവാള്‍ രംഗത്ത് വന്നിരുന്നു. വിവാദ പ്രസ്താവനകളിലൂടെ പേരെടുത്ത രമേഷ് ബിധുരിയെയാവും ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കുക എന്നാണ് കെജ്രിവാള്‍ പറയുന്നത്.
ഡല്‍ഹിയില്‍ ബിജെപിയും എഎപിയും തമ്മിലാണ് മത്സരം എന്നാണ് ഇരു കക്ഷികളും അവകാശപ്പെടുന്നത്. കോണ്‍ഗ്രസ് ചിത്രത്തിലേ ഇല്ലെന്നും എഎപി തന്നെ പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക നിര്‍ണായകമാണ്. അതിലും പ്രധാനമാണ് അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. അതില്‍ വൈകാതെ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് ലഭ്യമായ വിവരം.