ഇംഫാല്‍: കലാപബാധിതമായ മണിപ്പൂര്‍ സന്ദര്‍ശിക്കാത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ട് കോണ്‍ഗ്രസ്. മോദി ലോകമെമ്പാടും സഞ്ചരിക്കാന്‍ സമയവും ഊര്‍ജവും ചെലവഴിക്കുന്നുവെന്നും എന്നാല്‍ വടക്കു കിഴക്കന്‍ സംസ്ഥാനത്ത് ദുരിതമനുഭവിക്കുന്ന ജനങ്ങളിലേക്കെത്തേണ്ടതിന്റെ ആവശ്യം അദ്ദേഹം കണ്ടില്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു.

മണിപ്പൂരില്‍നിന്നാരംഭിച്ച 'ഭാരത് ജോഡോ ന്യായ് യാത്ര'യുടെ ഒന്നാം വാര്‍ഷിക വേളയിലാണ് കോണ്‍ഗ്രസിന്റെ പൊട്ടിത്തെറി. തൊഴിലില്ലായ്മ, വിലക്കയറ്റം, സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കഴിഞ്ഞ ജനുവരി 14ന് മണിപ്പൂരില്‍നിന്ന് കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 'ഭാരത് ജോഡോ ന്യായ് യാത്ര' ആരംഭിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹൈബ്രിഡ് മോഡില്‍ നടത്തിയ യാത്രയുടെ സമാപനം മുംബൈയിലെ ശിവജി പാര്‍ക്കിലെ റാലിയോടെ അടയാളപ്പെടുത്തുകയും ചെയ്തു.

'കൃത്യം ഒരു വര്‍ഷം മുമ്പ് മണിപ്പൂരില്‍ നിന്ന് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിച്ചു. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള ചരിത്രപരമായ 'ഭാരത് ജോഡോ യാത്ര'യുടെ പശ്ചാത്തലത്തില്‍ 15 സംസ്ഥാനങ്ങളിലൂടെ 6,600 കിലോമീറ്റര്‍ സഞ്ചരിച്ച് 2024 മാര്‍ച്ച് 16ന് മുംബൈയില്‍ സമാപിച്ചു'-കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് 'എക്സി'ലെ പോസ്റ്റില്‍ പറഞ്ഞു.

'മണിപ്പൂര്‍ ഇപ്പോഴും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനായി കാത്തിരിക്കുന്നു. അദ്ദേഹം ലോകമെമ്പാടും സഞ്ചരിക്കാന്‍ സമയവും താല്‍പര്യവും ഊര്‍ജവും കണ്ടെത്തി. എന്നാല്‍, മണിപ്പൂരിലെ ദുരിതബാധിതരായ ജനങ്ങളിലേക്ക് എത്തിച്ചേരേണ്ടത് അത്യാവശ്യമാണെന്നത് അദ്ദേഹത്തിന് തോന്നിയില്ല -രമേശ് കൂട്ടിച്ചേര്‍ത്തു. മണിപ്പൂരിലെ സ്വന്തം പാര്‍ട്ടി നിയമസഭാംഗങ്ങളും മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രി വിസമ്മതിച്ചുവെന്നും രമേശ് ആരോപിച്ചു. മണിപ്പൂരിന്റെ വേദന 2023 മെയ് 3 മുതല്‍ അനിയന്ത്രിതമായി തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വംശീയ സംഘര്‍ഷം രൂക്ഷമായ വടക്കുകിഴക്കന്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്തതിന് കേന്ദ്രസര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിക്കുന്നതിനു പുറമെ മണിപ്പൂര്‍ സന്ദര്‍ശിക്കാത്തതിന് പ്രധാനമന്ത്രിക്കു നേരെയുള്ള കടന്നാക്രമണം കോണ്‍ഗ്രസ് തുടരുകയാണ്.