മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലെ ശൗചാലയത്തിനുള്ളിലെ ചവറ്റുകുട്ടയില്‍ നിന്നും നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ടെര്‍മിനല്‍ രണ്ടില്‍ കാത്തിരിപ്പുകേന്ദ്രത്തിന് സമീപത്തെ ശൗചാലയത്തില്‍ നിന്നും ചൊവ്വാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് മൃതദേഹം ശ്രദ്ധയില്‍പ്പെട്ടത്.

ശുചീകരണത്തൊഴിലാളികളാണ് വിവരം എയര്‍പോര്‍ട്ട് അതോറിറ്റിയെ അറിയിച്ചത്. പോലീസെത്തി ദിവസങ്ങള്‍മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു. സഹര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. തുടര്‍നടപടികള്‍ക്കായി മൃതദേഹം കൂപ്പര്‍ ആശുപത്രിയിലേക്ക് മാറ്റി.

അതിസുരക്ഷാമേഖലയില്‍ എങ്ങനെയാണ് നവജാതശിശുവിന്റെ മൃതദേഹം എത്തിയതെന്നകാര്യം വിശദമായി പരിശോധിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വിശദമായി പരിശോധിക്കുന്നുണ്ടെന്ന് സഹര്‍ പോലീസ് പറഞ്ഞു.