ചെന്നൈ: തമിഴ്നാട് തിരുവള്ളൂരില്‍ ഡീസലുമായി പോവുകയായിരുന്ന ചരക്ക് ട്രെയിനിന് തീപിടിച്ച് വന്‍ അപകടമുണ്ടായതില്‍ അന്വേഷണം തുടങ്ങി. അട്ടിമറിയെന്ന് സംശയം പോലീസിനുണ്ട്. ഇന്ന് പുലര്‍ച്ചെ 5.30ന് തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തായി എഗട്ടൂരിലാണ് അപകടമുണ്ടായത്. ചെന്നൈ എന്നോറില്‍ നിന്ന് മുംബയിലേയ്ക്ക് പോവുകയായിരുന്ന ട്രെയിനിന്റെ നാല് വാഗണുകള്‍ക്കാണ് തീപിടിച്ചത്. അപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 100 മീറ്റര്‍ അകലെയായി ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയതാണ് അട്ടിമറി സംശയത്തിന് കാരണം.

സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരും അഗ്‌നിരക്ഷാസേനയും പ്രദേശത്ത് പരിശോധന നടത്തുകയാണ്.45 ടാങ്കര്‍ (27000 ലിറ്റര്‍) ക്രൂഡ് ഓയിലാണ് ട്രെയിനിലുണ്ടായിരുന്നത്. ഒരു ടാങ്കറില്‍ തീപിടിത്തമുണ്ടായതിനുശേഷം മറ്റുള്ളവയിലേയ്ക്ക് വ്യാപിക്കുകയായിരുന്നുവെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.