ഗുവാഹത്തി: കുടുംബ വഴക്കിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി വീട്ടുവളപ്പില്‍ കുഴിച്ചിട്ട യുവതി അറസ്റ്റില്‍. മുപ്പത്തിയെട്ടുകാരിയായ റഹിമ ഖാത്തൂണ്‍ ആണ് ഭര്‍ത്താവ് സബിയാല്‍ റഹ്‌മാനെ (40) കൊന്നു കുഴിച്ചിട്ടത്. അസമിലെ ഗുവാഹത്തിയിലെ പാണ്ടു പ്രദേശത്തെ ജോയ്മതി നഗറില്‍ ജൂണ്‍ 26നാണ് സംഭവം നടന്നത്. ഭര്‍ത്താവ് ജോലിക്കായി കേരളത്തിലേക്ക് പോയിരിക്കുകയാണെന്നാണ് റഹിമ പറഞ്ഞിരുന്നത്. എന്നാല്‍ ഇതില്‍ സംശയം തോന്നിയ സബിയാല്‍ റഹ്‌മാന്റെ സഹോദരന്‍ 12നു പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് റഹിമ കൊലക്കുറ്റം സമ്മതിച്ച് പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

ജൂണ്‍ 26നു രാത്രിയാണ് കൊലപാതകം നടക്കുന്നത്. അന്നേദിവസം മദ്യപിച്ചെത്തിയ സബിയാലും റഹിമയും തമ്മില്‍ വഴക്കിടുകയും ഇരുവരും തമ്മില്‍ കയ്യാങ്കളി ഉണ്ടാകുകയും ചെയ്തു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സബിയാല്‍ മരിക്കുകയുമായിരുന്നെന്നാണ് റഹിമ പൊലീസിനോട് പറഞ്ഞത്. ഇതിനു ശേഷം വീടിനു സമീപം തന്നെ അഞ്ചടി താഴ്ചയില്‍ കുഴിയെടുത്തു മൃതദേഹം റഹിമ മറവു ചെയ്തു. സബിയാലിനെ അന്വേഷിച്ചവരോട്, ജോലിക്കായി കേരളത്തിലേക്കു പോയെന്നാണ് റഹിമ പറഞ്ഞിരുന്നത്. നാട്ടുകാരുടെ കൂടുതല്‍ ചോദ്യങ്ങളില്‍നിന്ന് ഒഴിവാകാനായി, ആശുപത്രിയില്‍ പോകുകയാണെന്ന് പറഞ്ഞ് ഇവര്‍ വീട്ടില്‍നിന്നു മാറിനില്‍ക്കുകയും ചെയ്തു.

റഹിമയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സബിയാലിന്റെ സഹോദരനാണ് പൊലീസില്‍ പരാതി നല്‍കിയത്. ''പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പരിഭ്രാന്തയായ റഹിമ, ഗുവാഹത്തിയില്‍ തിരിച്ചെത്തി ജലുക്ബാരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. അവരുടെ മൊഴി രേഖപ്പെടുത്തി. ഫൊറന്‍സിക് സംഘത്തോടൊപ്പം അവരെ വീട്ടില്‍ എത്തിച്ച് ഭര്‍ത്താവിന്റെ അഴുകിയ മൃതദേഹം പുറത്തെടുത്തു.'' ഗുവാഹത്തി (വെസ്റ്റ്) ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ പദ്മനാവ് ബറുവ പറഞ്ഞു.

മൃതദേഹം മറവു ചെയ്തതിനും മറ്റും റഹിമയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് ഇത്രവും വലിയ കുഴിയെടുക്കാന്‍ സാധിക്കില്ലെന്നാണ് കരുതുന്നതെന്നും അതിനാല്‍ തന്നെ ഇവരെ സഹായിച്ചയാള്‍ക്കായി അന്വേഷണം നടക്കുകയാണെന്നും ഡിസിപി പറഞ്ഞു. 15 വര്‍ഷം മുന്‍പായിരുന്നു റഹിമയും സബിയാലും തമ്മിലുള്ള വിവാഹം. ഇരുവര്‍ക്കും രണ്ടു കുട്ടികളുണ്ട്.