അമൃത്സര്‍: മാരത്തണുകളെ സ്‌നേഹിച്ച മുത്തശ്ശന്‍ ഫൗജാ സിങ്(114) വാഹനാപകടത്തില്‍ മരിച്ചു. ജലന്ധര്‍ ജില്ലയിലെ ബിയാസ് ഗ്രാമത്തില്‍ വെച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ അജ്ഞാതവാഹനം അദ്ദേഹത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 3.30-ഓടെ ആയിരുന്നു അപകടം. വിവിധ പ്രായപരിധിയിലുള്ള ഒട്ടേറെ ലോക റെക്കോഡുകള്‍ തകര്‍ത്തിട്ടുണ്ടെങ്കിലും ഇവയൊന്നും റെക്കോഡുകളായി അംഗീകരിക്കപ്പെട്ടിട്ടില്ല.

1911-ഏപ്രില്‍ ഒന്നിന് പഞ്ചാബിലെ ജലന്ധറില്‍ ജനിച്ച ഫൗജ സിങ് 1992-ലാണ് ബ്രിട്ടനിലേക്ക് കുടിയേറിയത്. നൂറു വയസ്സ് പിന്നിട്ട ആദ്യത്തെ മാരത്തണ്‍ ഓട്ടക്കാരനായ ഫൗജാ സിങ്ങിന് ജനന സര്‍ട്ടിഫിക്കറ്റിന്റെ അഭാവംകാരണം ഗിന്നസ് ബുക്കില്‍ ഇടം നേടാനായില്ല. ഹോങ്കോങ്ങില്‍ നടന്ന മാരത്തണോടെ 101-ാം വയസ്സില്‍ വിരമിച്ചിരുന്നു. പ്രായം തന്റെ കാലുകളെ കീഴ്‌പ്പെടുത്തിയെന്നാണ് വിരമിക്കല്‍ തീരുമാനം അറിയിച്ച് ഫൗജാ അന്ന് പറഞ്ഞത്.

എലിസബത്ത് രാജ്ഞി നല്‍കിയ ജന്മദിനാംശസാകുറിപ്പും പാസ്പോര്‍ട്ടും തെളിവിനായി സമര്‍പ്പിച്ചെങ്കിലും ഔദ്യോഗിക അംഗീകാരം ലഭിച്ചില്ല. ലണ്ടന്‍ ഒളിമ്പിക്സില്‍ ദീപശിഖയേന്താനുള്ള അവസരം ലഭിച്ചിരുന്നു. 2000-ത്തിലെ ലണ്ടന്‍ മാരത്തണില്‍ 89-ാം വയസ്സിലായിരുന്നു ഫൗജയുടെ അരങ്ങേറ്റം.