ചെന്നൈ: തമിഴ്‌നാട്ടില്‍ പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. തമിഴ്‌നാട് തിരുവള്ളൂരിലാണ് സംഭവം. റോഡിലൂടെ നടന്നു പോകുന്ന കുട്ടിയെ പിന്തുടര്‍ന്നെത്തിയ യുവാവ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. കഴിഞ്ഞ ശനിയാഴ്ച തിരുവള്ളൂര്‍ ഗുമ്മിഡിപൂണ്ടിയിലാണ് സംഭവം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. അവശയായ കുട്ടി വീട്ടിലെത്തി വിവരം പറയുമ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്. പെണ്‍കുട്ടി റോഡിലൂടെ നടന്നു പോകുമ്പോള്‍ ഒരു യുവാവ് പിന്തുടരുന്നത് ദൃശ്യങ്ങളില്‍ കാണാം. അടുത്തെത്തിയപ്പോള്‍ പെണ്‍കുട്ടിയെ യുവാവ് ബലമായി പിടിച്ചുവലിച്ച് അടുത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. അവശയായ പെണ്‍കുട്ടി വീട്ടിലെത്തി മുത്തശ്ശിയെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ വിവരമറിയിച്ചു.

ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തുടരുന്ന കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി. സംഭവത്തില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതിക്കായി അന്വേണം തുടങ്ങി. 20വയസ്സിന് മുകളിലുള്ള ആളാണ് പ്രതിയെന്ന നിഗമനത്തിലാണ് പൊലീസ്. സ്ഥലത്തെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള ശ്രമത്തിലാണ് പൊലീസ് അറിയിച്ചു. തമിഴ്‌നാട്ടില്‍ ക്രമസമാധാന നില തകര്‍ന്നതിന് ഉദാഹരണമാണ് സംഭവമെന്ന് ബിജെപി നേതാവ് കെ അണ്ണാമലൈ പ്രതികരിച്ചു.