മുംബൈ: മഹാരാഷ്ട്രയിലെ ദേശീയപാത 48 ലെ ഗതാഗതക്കുരുക്കില്‍ ആംബുലന്‍സ് കുടുങ്ങിയത് മണിക്കൂറുകളോളം. ഒടുവില്‍ ഗുരുതരപരിക്കേറ്റ യുവതി നാലു മണക്കൂര്‍ കൊടിയ വേദന തിന്ന ശേഷം മരണത്തിന് കീഴടങ്ങി. പാല്‍ഘര്‍ ജില്ലയിലെ ഛായപുരവാണ് (49) വിദഗ്ദ ചികിത്സ ലഭിക്കാതെ മരിച്ചത്. മഹാരാഷ്ട്രയിലെ ഗതാഗത കുരുക്കില്‍ ആറു മണിക്കൂറോളമാണ് വീട്ടമ്മയുമായി പോയ ആംബുലന്‍സ് കുടുങ്ങിയത്.

പാല്‍ഘറിലെ മധുകര്‍ നഗറില്‍ താമസിക്കുന്ന ഛായയുടെ മേല്‍ മരക്കൊമ്പ് വീണ് ഗുരുതരമായി പരിക്കേറ്റു. അവരുടെ വാരിയെല്ലുകള്‍ക്കും തോളുകള്‍ക്കും തലയ്ക്കുമായിരുന്നു പരിക്ക്. പാല്‍ഘറില്‍ ട്രോമ സെന്റര്‍ ഇല്ലാത്തതിനാല്‍ പ്രാദേശിക ആശുപത്രി അവരെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.

100 കിലോമീറ്റര്‍ യാത്രയ്ക്ക് സാധാരണയായി ഏകദേശം 2.5 മണിക്കൂര്‍ എടുക്കും. അതനുസരിച്ച് അവര്‍ക്ക് അനസ്തേഷ്യ നല്‍കി, ഉച്ചകഴിഞ്ഞ് മൂന്നോടെ യാത്ര ആരംഭിച്ചു, ഭര്‍ത്താവ് ആംബുലന്‍സില്‍ അവരുടെ അരികില്‍ ഇരുന്നു. എന്നാല്‍ ആംബുലന്‍സ് എന്‍എച്ച് -48 ല്‍ വലിയൊരു ഗതാഗതക്കുരുക്കില്‍ കുടുങ്ങി. ആറുമണിക്കൂറോളം യാത്ര മുടങ്ങിയതോടെ അനസ്‌തേഷ്യയുടെ പ്രഭാവം കുറയാന്‍ തുടങ്ങി. ഇതോടെ കൊടിയ വേദനയില്‍ ഇവര്‍ അലറി കരഞ്ഞു.

നില വഷളായപ്പോള്‍, ഏകദേശം 30 കിലോമീറ്റര്‍ അകലെയുള്ള മീരാറോഡിലുള്ള ഓര്‍ബിറ്റ് ആശുപത്രിയിലേക്ക് വൈകീട്ട് ഏഴോടെ ആംബുലന്‍സ് എത്തി. ഡോക്ടര്‍മാര്‍ ഛായപുരവിനെ പരിശോധിച്ച് മരിച്ചതായി പ്രഖ്യാപിച്ചു. വെറും 30 മിനിറ്റ് മുമ്പ് ആശുപത്രിയില്‍ എത്തിയിരുന്നെങ്കില്‍ അവരെ രക്ഷിക്കാമായിരുന്നുവെന്ന് ഭര്‍ത്താവ് കൗശിക്കിനോട് ഡോക്ടര്‍മാര്‍ പറഞ്ഞു.