ജമ്മു: ജമ്മു കശ്മീരില്‍ തിങ്കളാഴ്ച തുടങ്ങിയ അതിശക്തമായ മഴ തുടരുന്നു. നൂറ്റാണ്ടിലെ തന്നെ ഏറ്റവും ഉയര്‍ന്ന മഴയാണ് രണ്ട് ദിവസം കൊണ്ട് ഇവിടെ പെയ്തിറങ്ങിയത്. മഴക്കെടുതിയില്‍ ഇതുവരെ 13 പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിരവധി വീടുകള്‍ വെള്ളത്തിനടിയിലാണ്. നദികള്‍ കരകവിഞ്ഞ് ഒഴുകുന്നതും പലയിടത്തും വെള്ളം കയറിയതും ജനജീവിതത്തിന് ഭീഷണിയായി. വെള്ളപ്പൊക്കം അതിരൂക്ഷമായ സ്ഥലങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

മഴയെത്തുടര്‍ന്ന് ജമ്മുശ്രീനഗര്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലുണ്ടായി. പലയിടത്തും പാലം തകര്‍ന്നു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം റോഡുകളും പാലങ്ങളും തകര്‍ന്നു. അതിശക്തമായ മഴയില്‍ ട്രെയിന്‍ ഗതാഗതവും താറുമാറായി. ജമ്മു, കത്ര സ്റ്റേഷനുകളില്‍ നിര്‍ത്തുകയോ അവിടെ നിന്ന് പുറപ്പെടുകയോ ചെയ്യുന്ന 22 ട്രെയിനുകള്‍ റദ്ദാക്കി.

തിങ്കളാഴ്ച മുതല്‍ കനത്ത മഴയാണ് ജമ്മു മേഖലയില്‍ അനുഭവപ്പെടുന്നത്. പല വീടുകളും വെള്ളത്തിനടിയിലായി. നിരവധിപേര്‍ മാറിത്താമസിച്ചു. കിഷ്ത്വാര്‍, ദോഡ, രജൗരി ജില്ലകളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ വീടുകളും കാലിത്തൊഴുത്തുകളും തകര്‍ന്നിട്ടുണ്ട്. കിഷ്ത്വാറിലെ പദ്ദര്‍ റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയി, റാംനഗര്‍-ഉധംപൂര്‍, ജംഗല്‍വാര്‍-തത്ത്രി റോഡുകള്‍ ഉരുള്‍പൊട്ടല്‍ മൂലം തടസ്സപ്പെട്ടു. രവി നദിയുടെ തീരത്തെ താഴ്ന്ന പ്രദേശങ്ങള്‍ മുങ്ങി. ചെനാബ് നദിയിലും ജലനിരപ്പ് ഉയര്‍ന്നു. സാംബയിലെ ബസന്തര്‍ നദിയും കവിഞ്ഞനിലയിലാണ്.

റിയാസി ജില്ലയിലെ മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ ഇന്നലെ ഉച്ചയ്ക്കുണ്ടായ ഉരുള്‍പൊട്ടലില്‍ ഒന്‍പതു പേര്‍ മരിച്ചു. 21 പേര്‍ക്ക് പരുക്കേറ്റു. ഇവിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. നിരവധിപേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് ആശങ്ക. കട്രയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള അധക്വാരിയിലെ ഇന്ദര്‍പ്രസ്ഥ ഭോജനാലയത്തിനു സമീപമാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. മണ്ണിടിയാനുള്ള സാധ്യത കണക്കിലെടുത്ത് ക്ഷേത്രത്തിലേക്കുള്ള യാത്ര നിര്‍ത്തിവച്ചു.