ന്യൂഡല്‍ഹി നേപ്പാള്‍ പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാര്‍ തീയിട്ട ഹോട്ടലില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യക്കാരിക്ക് ദാരുണാന്ത്യം. തീ പടരുന്നതിനിടെ നാലാം നിലയില്‍നിന്ന് കര്‍ട്ടനില്‍ തൂങ്ങിയിറങ്ങുന്നിടെ പിടിവിട്ടു താഴേയ്ക്ക് വീഴുക ആയിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിനി രാജേശ് ഗോല (57) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് രാംവീര്‍ സിങ് പരിക്കുകളോടെ രക്ഷപ്പെട്ടു.

ഭര്‍ത്താവിനൊപ്പം ഈ മാസം ഏഴിനാണ് രാജേഷ് ഗോല (55) കഠ്മണ്ഡുവിലെത്തിയത്. ഒമ്പതിനു പ്രക്ഷോഭകാരികള്‍ ഹോട്ടലിനു തീയിട്ടപ്പോള്‍ രക്ഷപ്പെടാനായി അവര്‍ നാലാം നിലയില്‍ നിന്ന് കര്‍ട്ടനില്‍ തൂങ്ങി താഴേക്കിറങ്ങാന്‍ ശ്രമിച്ചു. ഭര്‍ത്താവ് അവരെ സഹായിക്കുകയും ചെയ്തു. എന്നാല്‍ പിടിവിട്ടു വീണുപോയി. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നേപ്പാള്‍ പ്രക്ഷോഭത്തില്‍ ജീവന്‍ നഷ്ടമായ ഏക ഇന്ത്യക്കാരിയാണ് ഇവര്‍.

ഉത്തര്‍പ്രദേശിലെ ഗാസിയബാദില്‍ നിന്നുള്ള ദമ്പതികള്‍ കഠ്മണ്ഡുവിലെ പശുപതിനാഥ് ക്ഷേത്രം സന്ദര്‍ശിക്കാനാണ് പോയത്. ഹയാത്ത് റീജന്‍സി ഹോട്ടലിലായിരുന്നു താമസിച്ചത്. ദുരന്തമുണ്ടായി മൂന്നാം ദിവസം ഭാര്യയുടെ മൃതദേഹവുമായി ഇന്നലെയാണ് രാംവീര്‍ സിങ്ങിന് സ്വദേശത്തേക്ക് മടങ്ങാനായത്. ആംബുലന്‍സില്‍ യുപിയിലെ സോനൗലി അതിര്‍ത്തി വഴി മൃതദേഹം ഗാസിയബാദിലെത്തിച്ചു.

ചൊവ്വാഴ്ചയാണ് പ്രതിഷേധക്കാര്‍ ഹോട്ടലിന് തീയിട്ടത്. താഴത്തെനിലയില്‍നിന്ന് തീപടര്‍ന്നതോടെ നാലാംനിലയിലായിരുന്ന ഇവര്‍ പുറത്തേക്കു ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. യുവജനപ്രക്ഷോഭത്തിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നേപ്പാളില്‍ മരിച്ചവരുടെ എണ്ണം 51 ആയി.